ന്യൂഡൽഹി: ഇന്ത്യക്കാരായ ആരെങ്കിലും ചൊവ്വ ഗ്രഹത്തിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി അവരെ സഹായിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തന്റെ ട്വിറ്റർ പേജിലൂടെ കരൺ സെയ്നി എന്ന വ്യക്തിക്കാണ് സുഷമ ഇങ്ങനെ മറുപടി നൽകിയത്.

ചൊവ്വയിൽ ഞാൻ കുടുങ്ങിയിരിക്കുകയാണ്. മംഗൾയാൻ വഴി അയച്ച ഭക്ഷണം തീരാറായി. എപ്പോഴാണ് മംഗൾയാൻ-II അയയ്ക്കുക? ഇതായിരുന്നു കരൺ സെയ്നി തമാശരൂപേണ സുഷമ സ്വരാജിനോട് ചോദിച്ചത്. ഇതിനു മറുപടിയായാണ് നിങ്ങൾ ചൊവ്വയിൽ അകപ്പെട്ടാലും ഇന്ത്യൻ എംബസി സഹായിക്കുമെന്ന് സുഷമ മറുപടി നൽകിയത്.

ഉരുളയ്ക്ക് ഉപ്പേരി പോലെ സുഷമ നൽകിയ മറുപടി ഇതിനോടകം വൈറലായിക്കഴിഞ്ഞു. സുഷമയുടെ ട്വീറ്റിന് 2200 റീട്വീറ്റുകള്‍ക്കൊണ്ടും 4500 ലൈക്കുകള്‍ കൊണ്ടുമാണ് ഫോളോവേഴ്‌സ് സ്വീകരിച്ചത്. ട്വിറ്ററില്‍ സജീവമായ സുഷമ സ്വരാജിന് 8 മില്യനിലധികം ഫോളോവേഴ്‌സാണ് ഉളളത്.

അടുത്തിടെ പാക്കിസ്ഥാനിൽവച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയശേഷം വിവാഹത്തിനു നിർബന്ധിതയാക്കി എന്നാരോപിച്ച യുവതിയെ ഇന്ത്യയിലെത്തിക്കാൻ സുഷമ സഹായിച്ചിരുന്നു. ‘ഉസ്മ–ഇന്ത്യയുടെ മകളെ, വീട്ടിലേക്ക് സ്വാഗതം. നിങ്ങൾ അനുഭവിച്ചതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു’–മടങ്ങിയെത്തിയ ഉസ്മയെ സ്വാഗതം ചെയ്ത് സുഷമ സ്വരാജ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.

രണ്ടര വയസ്സുളള പാക്ക് ബാലന് ഇന്ത്യയില്‍ ചികിത്സയ്ക്കായി അനുമതി തേടിയ പാക്ക് കുടുംബത്തിന് മെഡിക്കല്‍ വീസ അനുവദിച്ചുകൊണ്ടും സുഷമ മാതൃകയായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് കെന്‍ സിദ് മെഡിക്കല്‍ വിസയ്ക്കായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമീപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സഹായം അഭ്യർഥിച്ചത്. സുഷമയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയെ സമീപിച്ച കുടുംബത്തിന് വിസ അനുവദിച്ചു കിട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ