/indian-express-malayalam/media/media_files/uploads/2017/06/sushama.jpg)
ന്യൂഡൽഹി: ഇന്ത്യ-യുഎസ് ബന്ധത്തിൽ യാതൊരുവിധ വിളളലുമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന സമയത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധം ഇപ്പോഴും അതുപോലെ തുടരുന്നെന്ന് സുഷമ പറഞ്ഞു. അതേസമയം, എച്ച്-1ബി വിസ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും സുഷമ വ്യക്തമാക്കി.
വികസിത രാജ്യങ്ങളിൽനിന്നും പണം ലഭിക്കാനാണ് ഇന്ത്യ പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ ഒപ്പുവച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണത്തെ സുഷമ നിഷേധിച്ചു. ''ഇത് തികച്ചും തെറ്റായ കാര്യമാണ്. എന്തെങ്കിലും മോഹിച്ചല്ല ഇന്ത്യ ഉടമ്പടിയിൽ ഒപ്പുവച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 5,000 വർഷങ്ങൾക്കുമുൻപേ ഈ ചുമതല ഞങ്ങളിൽ നിക്ഷിപ്തമാണ്. പ്രകൃതിയെ ഞങ്ങൾ ആരാധിക്കുന്നു. ഇന്ത്യൻ ആചാരത്തിന്റെ ഭാഗമാണിത്. ട്രംപിന്റെ ഈ ആരോപണങ്ങളെ മുഴുവനായും തള്ളിക്കളയുന്നു''വെന്ന് സുഷമ പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ തന്റെ മന്ത്രാലയം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അറിയിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് സുഷമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ''കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 80,000 ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിക്കാൻ സാധിച്ചു. മാത്രമല്ല മൂന്നു വർഷം കൊണ്ട് വിദേശ നിക്ഷേപം 37.5 ശതമാനമായി വർധിച്ച''തായും അവർ പറഞ്ഞു.
ആഗോളതാപനം കുറയ്ക്കാൻ വേണ്ടിയുള്ള 2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നു യുഎസ് പിന്മാറുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. കാലാവസ്ഥാ സംരക്ഷണത്തിന് ഇന്ത്യ ഏതറ്റം വരെയും പോകുമെന്നും പാരിസ് ഉടമ്പടി ലോകം മുഴുവൻ പങ്കിടുന്ന പാരമ്പര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us