ഇറാഖിൽ കാണാതായ 39 ഇന്ത്യാക്കാരുടെ കുടുംബാംഗങ്ങളുടെ യോഗം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചു ചേർക്കുന്നു. കാണാതായ ഇന്ത്യാക്കാരുടെ വിവരങ്ങൾ അറിയാൻ മുൻ ഇന്ത്യൻ കരസേന മേധാവി ജനറൽ വി.കെ.സിംഗ് ഇറാഖ് സന്ദർശിച്ച് അഞ്ച് ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിജയ് പി.ത്രിവേദി ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്. 2014 ജൂൺ 11 ന് ശേഷം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇവരെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നത്. കാണാതായ ശേഷം 14ാം തവണയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുടുംബാംഗങ്ങളുടെ യോഗം വിളിച്ചു ചേർക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിലേക്ക് തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ട കുടുംബാംഗങ്ങൾ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രമന്ത്രി എല്ലാവരുടെയും കുടുംബാാംഗങ്ങളെയും ഒരുമിച്ച് കണ്ട് കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.

“റിട്ട ജനറൽ വി.കെ.സിംഗിന് ഇറാഖിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രമന്ത്രി സുഷമ സ്വരാജ് നിങ്ങളോട് നേരിട്ട് പറയുമെന്നാ”ണ് കാണാതായ മഞ്ജീന്ദർ സിംഗിന്റെ സഹോദരി ഗുർപീന്ദർ കൗറിനെ വിജയ് പി.ത്രിവേദി അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ