ന്യൂഡല്‍ഹി : ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെ അന്വേഷിക്കണം എന്ന് ട്വിറ്ററില്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് എംപി പ്രതാപ് സിങ് ബജ്വയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ബ്ലോക്ക് ചെയ്തതായി പരാതി. ബജ്വ തന്നെയാണ് സുഷമാ സ്വരാജിന്‍റെ പെരുമാറ്റം ചോദ്യംചെയ്തുകൊണ്ട് ട്വിറ്ററില്‍ ഇതുസംബന്ധിച്ച സ്ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

” വിദേശകാര്യ മാന്തലയം ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് ? ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചതിന് സുഷമാ സ്വരാജ്‌ജിയുടെ ഓഫീസ് ഒരു പാര്‍ലമെന്റ് അംഗത്തെ ബ്ലോക്ക് ചെയ്യുന്നത് ഉചിതമാണോ ? ” ബജ്വ എഴുതി.

ജൂലൈയിലാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിക്കുന്നത്. 2014മുതല്‍ ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ ബാദുഷ് നഗരത്തിലെ ജയിലിലായിരുന്നു എന്നും മൂന്ന് മാസം മുന്‍പ് ഐഎസ്ഐഎസ് അത് തകര്‍ത്തു എന്നുമാണ് സുഷമാ സ്വരാജ് ലോകസഭയെ അറിയിച്ചത്.

സുഷമാ സ്വരാജിന്‍റെ പ്രസ്താവന അനാസ്ഥ മറച്ചുവെക്കാനാനുള്ള നുണയാണ് എന്ന്‍ ആക്ഷേപിച്ച കോണ്‍ഗ്രസ് എംപി അവകാശലംഘനവുമായി മുന്നോട്ടുപോകും എന്ന് അറിയിച്ചു.

ഇറാഖിലേക്ക് തട്ടികൊണ്ടുപോയ ഇന്ത്യക്കാരെ ആശുപത്രി നിര്‍മാണത്തിന് കൊണ്ടുപോയിരുന്നു എന്നും അതിനുശേഷം അവിടെ നിന്നുമൊരു കൃഷിയിടത്തിലേക്കും കൊണ്ടുപോയ ശേഷമാണ് ജയിലിലേക്ക് കൊണ്ടുപോയതെന്ന് ഇറാഖി പട്ടാള അധികൃതര്‍ മുന്‍ വിദേശകാര്യ ജനറലായ വികെ സിങ്ങിനെ അറിയിച്ചിരുന്നു എന്നും സുഷമാ സ്വരാജ് പറഞ്ഞു.

” അവര്‍ മരിച്ചുവെന്ന് പറയുന്നത് എളുപ്പമാണ്. ആരും എന്നെ ചോദ്യം ചെയ്യില്ല. പക്ഷെ തെളിവില്ലാതെ അത് പറയാനും എനിക്ക് പറ്റില്ല. അങ്ങനെ ചെയ്യുന്നത് പാപമാണ്. ” സുഷമാ സ്വരാജ് പറഞ്ഞു.

2014ല്‍ ഇറാഖിലെ മോസുള്‍ നഗരം കീഴടക്കിയപ്പോഴാണ് 39ോളം വരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ഐഎസ്ഐഎസ്സിന്‍റെ കസ്റ്റഡിയിലാകുന്നത്. ഇതില്‍ മിക്കവാറും പഞ്ചാബില്‍ നിന്നുള്ളവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ