ന്യൂഡൽഹി: അമേരിക്കയിലെ ടെക്സസിൽ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന് മാത്യൂസിന്റെ ദത്തെടുക്കല്‍ പ്രക്രിയയില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍ദേശം നല്കി. വനിത, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്കാണ് സുഷമ നിര്‍ദേശം നൽകിയത്. സംഭവത്തിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താന്‍ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറലിനും മന്ത്രി നിര്‍ദേശം നല്കി. ചട്ടങ്ങള്‍ പാലിച്ചു തന്നെയാണോ ദത്തെടുക്കലെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്.
ബിഹാറിലെ ഗയയിൽ ജനിച്ച കുട്ടിയെ ദത്തെടുത്ത വെസ്ളി മാത്യൂസിനെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റു ചെയ്‌ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. കുട്ടികളെ ദത്തെടുക്കാൻ സഹായിക്കുന്ന നോഡൽ ഏജൻസിയായ ചൈൽഡ് അഡോപ്‌ഷൻ റിസോഴ്സസ് അതോറിറ്റി (കാര) ഷെറിന്റെ മരണ വിവരങ്ങൾക്കായി യുഎസിലെ ഏജൻസിയെ ബന്ധപ്പെട്ടിട്ടുണ്ട്.
2014 ജൂലൈയിൽ ബിഹാറിലെ ഗയയിൽ ജനിച്ച ഷെറിനെ (ആദ്യപേര് സരസ്വതി) മാതാപിതാക്കൾ ഉപേക്ഷിച്ചു. നളന്ദയിലെ മദർ തേരേസാ സേവാ ആശ്രമത്തിന്റെ അനാഥലയത്തിൽ നിന്നാണ് കുട്ടിയെ കാര വഴി വെസ്ളി മാത്യൂസ് ദത്തെടുക്കുന്നത്. കുട്ടി യുഎസിലെ സാഹചര്യങ്ങളുമായി ഇണങ്ങി വരുന്നു എന്നാണ് വെസ്ളി ആദ്യം കാരയെ അറിയിച്ചത്. എന്നാൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് പിന്നീട് വിവരം നൽകി. പാലു കുടിക്കാൻ വിസമ്മതിച്ചതിന് വെസ്ളി മാത്യൂസ് കുട്ടിയെ ഉപദ്രവിച്ചതായി റിപ്പോർട്ടുണ്ട്.