ന്യൂയോർക്ക്∙യുഎൻ‌ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പറഞ്ഞ  കേന്ദ്രമന്ത്രി വർഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണെന്നും കൂട്ടിച്ചേർത്തു. പാക്കിസ്ഥാനെതിരെ കാര്യങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു സുഷമയുടെ പ്രസംഗം.

ഇന്ത്യ ഭീഷണി നേരിടുന്നത് അയൽപ്പക്കത്തുനിന്നാണ്. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഇപ്പോഴും പാക്കിസ്ഥാനിൽ വിലസുകയാണെന്നും   കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പാക്കിസ്ഥാനുമായുള്ള ചർച്ചകൾ നിർത്തിവച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വഭാവം കാരണമാണെന്നും സുഷമാ സ്വരാജ് ആരോപിച്ചു.

ഭീകരത വ്യാപിപ്പിക്കുക മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും പാക്കിസ്ഥാൻ വിദഗ്‌ദരാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒസാമ ബിൻ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നത് . ന്യൂയോർക്ക്, മുംബൈ ഭീകരാക്രമണങ്ങൾ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം ഇല്ലാതാക്കിയെന്നും അവർ പറഞ്ഞു. ലോകരാജ്യങ്ങൾ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook