ന്യൂഡൽഹി: ഇറാഖിലെ മൊസൂളിൽ നിന്ന് കാണാതായ 39 ഇന്ത്യക്കാരെയും ഭീകരർ വധിച്ചെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. ഭീകരർ ഇവരെ ബന്ദികളാക്കുകയായിരുന്നുവെന്നും പിന്നീട് കൊലപ്പെടുത്തിയെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.

രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2014 ലാണ് ഇവരെ മൊസൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇന്നലെ ലഭിച്ച ഡിഎൻഎ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം സ്ഥിരീകരിച്ചത്.

കൂട്ടശവക്കുഴികളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് നാല് വർഷം മുൻപ് മൊസൂളിൽ നിന്ന് ഇവരെ ബന്ദികളാക്കിയത്. സംഘത്തിൽ ഇന്ത്യക്കാർക്ക് പുറമേ ഒരു ബംഗ്ലാദേശിയും ഉണ്ടായിരുന്നു. എന്നാൽ ഇയാളെ മുസ്ലിമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭീകരർ സ്വതന്ത്രനാക്കി.

തദ്ദേശീയരായ ആളുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പിന്നീട് ഡിഎൻഎ പരിശോധനയ്ക്കായി മാറ്റി. 38 പേരും ഇന്ത്യാക്കാരണെന്ന് സ്ഥിരീകരിച്ചു. അതേസമയം ഒരാളുടെ മൃതദേഹത്തിൽ 70 ശതമാനമാണ് ഡിഎൻഎ ഇന്ത്യക്കാരന്റേത് എന്ന സൂചനകൾ ശരിവച്ചത്.

കഴിഞ്ഞ ജൂലൈയിൽ ഇറാഖിൽ കാണാതായ ഇന്ത്യാക്കാരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നത്. ഇവർ മരിച്ചുവെന്ന് വ്യക്തമായ വിവരം ലഭിക്കാതെ ഇത്തരത്തിൽ പ്രഖ്യാപനം നടത്തില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചിരുന്നു. 2016 ൽ തന്നെ ഇറാഖിൽ ഇന്ത്യക്കാരായ തൊഴിലാളികളില്ലെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. കുർദിഷ് പൗരന്റെ വെളിപ്പെടുത്തലായിരുന്നു റിപ്പോർട്ടിന്റെ അടിസ്ഥാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook