മുംബെെ: അന്തരിച്ച നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ സഹോദരി ശ്വേത സിങ് കീർത്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ഡി ആക്‌ടിവേറ്റ് ചെയ്‌ത നിലയിൽ. ട്വിറ്റർ, ഇൻസ്റ്റഗ്രാം പേജ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് അപ്രത്യക്ഷമായത്. സോഷ്യൽ മീഡിയ വഴിയുള്ള #JusticeForSSR ക്യാംപയ്‌ന് നേതൃത്വം നൽകിയിരുന്നത് ശ്വേതയാണ്. എന്നാൽ, വളരെ അപ്രതീക്ഷിതമായാണ് ശ്വേതയുടെ അക്കൗണ്ടുകൾ അപ്രത്യക്ഷമായ നിലയിൽ കണ്ടത്. സോഷ്യൽ മീഡിയയിൽ നിന്നു വിട്ടുനിൽക്കുന്നതായി ശ്വേത മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്വേത സ്വയം നീക്കം ചെയ്‌തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, സഹോദരന്റെ വേർപാടിൽ നിന്ന് മുക്തയാകാൻ സാധിച്ചിട്ടില്ലെന്നും പത്ത് ദിവസത്തേക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് പൂർണമായി മാറിനിൽക്കുന്നു എന്നും ശ്വേത സെപ്റ്റംബർ 17 ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
“എത്രത്തോളം കരുത്തുള്ളവളായി നിൽക്കാൻ ശ്രമിച്ചാലും, എന്റെ സഹോദരൻ ഇനിയില്ലെന്ന ആഴത്തിലുള്ള വേദന എന്നിലുണ്ടാകുന്നു. ഇനിയൊരിക്കലും എനിക്ക് അവനെ തൊടാനോ അവൻ ചിരിക്കുന്നത് കാണാനോ അവന്റെ തമാശകൾ കേൾക്കാനോ എനിക്ക് സാധിക്കില്ല…ഈ വേദനയിൽ നിന്നു ഞാൻ പൂർണമായി എപ്പോൾ മുക്തയാകുമെന്ന കാര്യത്തിൽ എനിക്ക് ആധി തോന്നുന്നു. അടുത്ത പത്ത് ദിവസത്തേക്ക് ഓൺലെെൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നു പൂർണമായി വിട്ടുനിന്നുകൊണ്ട് ആഴത്തിലുള്ള ധ്യാനത്തിലും പ്രാർത്ഥനയിലും മുഴുകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഈ വേദനയിൽ നിന്നു പുറത്തുകടക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു” എന്നാണ് ഒരു മാസം മുൻപ് ശ്വേത ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.
അതേസമയം, ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണത്തിൽ അന്വേഷണം നടക്കുകയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലും അന്വേഷണം നടക്കുന്നുണ്ട്.