മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍, ചോദ്യം ചെയ്യലിനായി നടി റിയ ചക്രവർത്തി മുംബൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് റിയ ആവശ്യപ്പെട്ടിരുന്നെങ്കിലും റിയയുടെ ആവശ്യം തള്ളുകയായിരുന്നു. രാവിലെ 11.30 നാണ് റിയ ചോദ്യം ചെയ്യലിന് ഹാജരായത്.

“റിയ ചക്രബർത്തി നിയമം അനുസരിക്കുന്ന ഒരു പൗരനാണ്. ഹാജരാകുന്നത് നീട്ടിവയ്ക്കാനുള്ള അഭ്യർത്ഥന നിരസിക്കപ്പെട്ടുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാധ്യമങ്ങളെ അറിയിച്ചതിനാൽ, നിശ്ചിത സമയത്തും തീയതിയിലും അവർ ഹാജരായി,” റിയ ചക്രബർത്തിയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിക്ക് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും റിയയോട് നിര്‍ദ്ദേശിച്ചിരുന്നു.

Read More: സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രവർത്തിക്കെതിരെ സിബിഐ കേസെടുത്തു

സുശാന്തിന്റെ പിതാവ് കെ കെ സിങ് ജൂലൈ 25ന് പട്നയിലെ പൊലീസ് സ്റ്റേഷനിൽൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റിയ ചക്രവർത്തിക്കും അവരുടെ ബന്ധുക്കൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സുശാന്തിന്റെ ജീവനക്കാരനായ മുവൽ മിറാൻഡയെ ഇന്ന് തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, സുശാന്തിന്റെ മരണവുമായി റിയ ചക്രവർത്തിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ സിബിഐ കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്തു. ബിഹാർ സർക്കാരിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രർ ചെയ്തതെന്ന് സിബിഐ അറിയിച്ചു.

“സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ സർക്കാരിന്റെ അഭ്യർഥന പ്രകാരം സിബിഐ ഇന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിൽനിന്ന് തുടർന്നുള്ള വിജ്ഞാപനം ലഭിക്കുകയും കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ 25-7-2020 തീയതിയിൽ പട്നയിലെ രാജീവ് നഗർ പോലീസ് സ്റ്റേഷനിൽ 241/2020 നമ്പർ എഫ്ഐആർ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. 6 പ്രതികൾക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” സിബിഐ പ്രസ്താവനയിൽ പറഞ്ഞു.

Read in English: Sushant Singh Rajput case: Rhea Chakraborty appears before ED

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook