ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം എന്ന ബിഹാർ പൊലീസിന്റെ ആവശ്യം അംഗീകരിച്ചതാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. മൂന്ന് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അറിയിക്കാൻ മഹാരാഷ്ട്ര പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പട്നയിൽ നിന്ന് മുംബൈയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബർത്തി സമർപ്പിച്ച ഹർജിയിൽ മറുപടി അറിയിക്കാൻ മഹാരാഷ്ട്ര, ബിഹാർ പൊലീസ് സേനയോടും സുശാന്തിന്റെ പിതാവ് കെ.കെ സിങ്ങിനോടും ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭ്യർത്ഥന കേന്ദ്രം അംഗീകരിച്ചതായി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
Read More: അന്ത്യകർമകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല; റിയയ്ക്ക് സുശാന്തിനെ അവസാനമായി കാണാനായില്ല
ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച്, സുശാന്തിന്റെ മരണത്തിന് പിന്നിലെ സത്യം പുറത്തുവരേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു. “നടന്റെ മരണത്തെ സംബന്ധിച്ചുള്ള സത്യം പുറത്തുവരണം,” ബെഞ്ച് പറഞ്ഞു. ജൂൺ 14 നാണ് മുംബൈയിലെ സബർബൻ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ, വഞ്ചന, വിശ്വാസലംഘനം, ഭീഷണി, ബലമായി തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കുമെതിരെ ബിഹാർ പൊലീസ് കഴിഞ്ഞ ആഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
മഹാരാഷ്ട്ര പൊലീസ് കേസിലെ തെളിവുകൾ നശിപ്പിക്കുകയാണെന്ന് സുശാന്തിന്റെ പിതാവിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ സുപ്രീംകോടതിയിൽ അവകാശപ്പെട്ടു. സുശാന്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ മുംബൈയിലേക്ക് അയച്ചു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ അന്വേഷിക്കാനോ പട്ന പോലീസിന് അധികാരമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ വാദിച്ചു.
മുംബൈയില്‍ നടന്ന സംഭവത്തില്‍ ബിഹാര്‍ പോലീസിന്റെ അധികാര പരിധി ചോദ്യം ചെയ്ത് റിയ ചക്രവർത്തി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങാണ് റിയക്കെതിരെ പട്ന പോലീസില്‍ പരാതി നല്‍കിയത്. മകന്റെ അക്കൗണ്ടില്‍നിന്ന് റിയ ചക്രബര്‍ത്തി 15 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ കെ.കെ. സിങ് ആരോപിച്ചു.