Sushant Singh Rajput death probe: CBI registers case against Rhea Chakraborty, others on Bihar govt’s request: മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂട്ടുകാരിയും മോഡലുമായ റിയ ചക്രബർത്തിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ബിഹാർ സർക്കാരിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രർ ചെയ്തതെന്ന് സിബിഐ അറിയിച്ചു.
“സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ സർക്കാരിന്റെ അഭ്യർഥന പ്രകാരം സിബിഐ ഇന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിൽനിന്ന് തുടർന്നുള്ള വിജ്ഞാപനം ലഭിക്കുകയും കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ 25-7-2020 തീയതിയിൽ പട്നയിലെ രാജീവ് നഗർ പോലീസ് സ്റ്റേഷനിൽ 241/2020 നമ്പർ എഫ്ഐആർ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. 6 പ്രതികൾക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” സിബിഐ പ്രസ്താവനയിൽ പറഞ്ഞു.
Read More: സുശാന്തിന്റെ മരണം: സിബിഐ അന്വേഷണം അംഗീകരിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്
സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ജൂലൈ 25ന് പട്നയിലെ പൊലീസ് സ്റ്റേഷനിൽൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റിയ ചക്രവർത്തിക്കും അവരുടെ ബന്ധുക്കൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 7ന് റിയ ഏജൻസിക്ക് മുന്നിൽ ഹാജരാകേണ്ടിവരും. സുശാന്തിന്റെ ജീവനകക്കാരനായ മുവൽ മിറാൻഡയെ ഇന്ന് തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.
ആത്മഹത്യാ പ്രേരണ, വഞ്ചന, കുറ്റകരമായ വിശ്വാസലംഘനം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ, അന്യായ തടവ് എന്നിവയ്ക്കുള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തി റിയക്കും കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കുമെതിരെ ബീഹാർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഒരു വർഷത്തിനുള്ളിൽ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും “അറിയപ്പെടാത്തതോ അല്ലെങ്കിൽ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടുകളിലേക്ക്” നീക്കിയതായി എഫ്ഐആറിൽ ആരോപണമുണ്ട്.
Read More: അന്ത്യകർമകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല; റിയയ്ക്ക് സുശാന്തിനെ അവസാനമായി കാണാനായില്ല
സുശാന്തിന് അമിത അളവിൽ മരുന്ന് നൽകിയതായും റിയക്കെതിരേ ആരോപണമുണ്ട്. ഡെങ്കിപ്പനി ബാധിച്ചെന്ന് തെറ്റായി പറഞ്ഞാണ് ഇത് ചെയ്തതെന്നും ആരോപിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ ചാർജുകൾ ചാർത്താവുന്ന തരത്തിൽ സുശാന്തിന്റെ സ്വത്ത് നിയമവിരുദ്ധമായി അപഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇഡി അന്വേഷിക്കാൻ സാധ്യതയുണ്ട്. 34കാരനായ സുശാന്തിനെ ജൂൺ 14നാണ് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജ്പുതിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തൽസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതി ബുധനാഴ്ച മഹാരാഷ്ട്ര സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. “ഈ സാഹചര്യത്തിൽ എന്തെങ്കിലും കുറ്റകൃത്യം നടന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്” എന്ന് കോടതി നിരീക്ഷിച്ചിരുന്നു. തനിക്കെതിരെ ബിഹാർ പോലീസ് സമർപ്പിച്ച എഫ്ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ ചക്രബർത്തി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അടുത്തയാഴ്ച കോടതി വീണ്ടും ഈ വിഷയം പരിഗണിക്കും.
അതേസമയം, കേസ് അന്വേഷണം നിരീക്ഷിക്കാൻ മുംബൈയിലേക്ക് അയച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയെ 14 ദിവസത്തെ ഹോം ക്വാറന്റൈനിൽ നിന്ന് വിട്ടയച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബീഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ മുന്നറിയിപ്പ് നൽകിയതായി കഴിഞ്ഞ ദിവസം, പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
ബിഹാറിൽ നിന്നുള്ള ഉദ്യോഗസ്ഥനായ തിവാരി ഓഗസ്റ്റ് 2 നാണ് മുംബൈയിലെത്തിയത്. ഓഗസ്റ്റ് 15 വരെയാണ് ഉദ്യോഗസ്ഥനെ ബൃഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ ക്വാറന്റൈനിലേക്ക് മാറ്റിയത്.