ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന്‍റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ച വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പാര്‍ലമെന്‍റിൽ പ്രസ്താവന നടത്തും. കുൽഭൂഷൺ ജാദവിനെ ഉടൻ തിരിച്ചെത്തിക്കണമെന്നും കേന്ദ്രം വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

രാജ്യസഭയിൽ രാവിലെ 11നും ലോക്‌സഭയിൽ 12നും സുഷമ സ്വരാജ് സംസാരിക്കും. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ കുൽഭൂഷൺ ജാദവിനെ സന്ദർശിച്ച ഭാര്യയെയും അമ്മയെയും പാക് സൈന്യവും മാധ്യമങ്ങളും അപമാനിച്ചെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്. കുൽഭൂഷൺ ജാദവിനെ കാണാൻ ചെന്ന കുടുംബാംഗങ്ങളെ അപമാനിച്ചാണ് പാക്കിസ്ഥാൻ ഇറക്കിവിട്ടത്. അവരുടെ മാതൃഭാഷയായ മറാത്തിയിൽ സംസാരിക്കാൻ ഇരുവരെയും അനുവദിച്ചില്ല. ഭാര്യയുടെ താലിമാല പാക് സൈന്യം ഊരിവയ്പ്പിച്ചു. ചെരിപ്പ് അഴിച്ചുവയ്പ്പിച്ച പാക്കിസ്ഥാൻ അവ തിരികെ നൽകിയില്ല എന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

പാക് മാധ്യമങ്ങളും കുൽഭൂഷൺ ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ചു. തടവിൽ കഴിയുന്ന കുൽഭൂഷണെ കാണാൻ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാൻ അനുവദിച്ചപ്പോൾ തന്നെ ഇന്ത്യ മാന്യമായി പെരുമാറണമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ ഇരുവിഭാഗവും ഈ വിഷയത്തിൽ നയതന്ത്ര ചർച്ച നടത്തിയതാണ്. എന്നാൽ ഇസ്‌ലാമാബാദിൽ നിന്ന് തിരികെയെത്തിയ ജാദവിന്റെ അമ്മയ്ക്കും ഭാര്യക്കും പാക്കിസ്ഥാനിൽ അത്ര നല്ല അനുഭവമല്ല ഉണ്ടായത്. മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ആദ്യമേ പറഞ്ഞ പാക്കിസ്ഥാൻ അമ്മയെയും ഭാര്യയെയും കാണാൻ പലയിടത്തും മാധ്യമങ്ങൾക്ക് അവസരം നൽകി. ജാദവിനെതിരെ തെറ്റായ ആരോപണങ്ങളിൽ ചോദ്യങ്ങളുന്നയിച്ച് മാധ്യമപ്രവർത്തകർ കുൽഭൂഷൺ ജാദവിന്റെ കുടുംബത്തെ വേദനിപ്പിച്ചു. മുൻ നിശ്ചയിച്ച പ്രകാരം കൂടിക്കാഴ്ചയിൽ ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച ഇന്ത്യ, ഇവരുടെ കൂടിക്കാഴ്ചയുടെ കാര്യം ഇന്ത്യൻ ഹൈക്കമ്മിഷനോട് മറച്ചുവച്ചതായും ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ