ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക്കിസ്ഥാൻ പൗരൻ വിവാഹം ചെയ്ത് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തിരിച്ചെത്തിയ ഉസ്മയേയും കുടുംബത്തേയും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശിച്ചു. ഉസ്മയേയും കുടുംബത്തേയും ആലിംഗനം ചെയ്ത സുഷമ ഇവരെ ആശ്വസിപ്പിച്ചു.

സുഷമ സ്വരാജിന് നന്ദി അറിയിക്കുന്നതായി ഉസ്മ വ്യക്തമാക്കി. താനൊരു അനാഥയാണെന്നും ജീവിതത്തില്‍ ആദ്യമായാണ് തന്റെ ജീവന് മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും ഉസ്മ മാധ്യമങ്ങളോട് നിറകണ്ണോടെ വ്യക്തമാക്കി.

“പാക്കിസ്ഥാനിലേക്ക് പോകുക എന്നത് എളുപ്പമാണ്. എന്നാല്‍ തിരിച്ചുവരിക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. പാക്കിസ്ഥാന്‍ ഒരു മരണക്കിണറാണ്. വിവാഹത്തിനേ ശേഷം അവിടത്തേക്ക് പോയവര്‍ പോലും ഇപ്പോള്‍ നിലവിളിക്കുകയാണെന്നും ഉസ്മ മാധ്യമങ്ങളോട് പറഞ്ഞും. ഉസ്മയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സുഷമയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പാക് വിദേശകാര്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സഹായിച്ചത് കൊണ്ടാണ് ഉസ്മ തിരിച്ചെത്തിയതെന്ന് സുഷമ വ്യക്തമാക്കി. അഭിഭാഷകനായ ഷാനവാസ് നൂണ്‍ ഒരു പിതാവിനെ പോലെയാണ് ഉസ്മയുടെ വിഷയം കൈകാര്യം ചെയ്തതെന്നും സുഷമ പറഞ്ഞു. ബുധനാഴ്ച ഉസ്മയ്ക്കു നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങാ​​​​​ൻ പാ​​​​​ക് കോ​​​​​ട​​​​​തി​​​​​ അ​​​​​നു​​​​​മ​​​​​തി നൽകിയിരുന്നു.

ഇന്ത്യയിലേക്ക് തിരിച്ചെത്താൻ അപേക്ഷയുമായി ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും യുവതി സമീപിച്ചിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണു തന്നെ പാക്ക് പൗരൻ താഹിർ അലി വിവാഹം ചെയ്തതെന്നു ഇസ്‌ലാമാബാദ് കോടതിയിലും പരാതി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകൾ പിടിച്ചുവാങ്ങിയെന്നും മജിസ്ട്രേട്ടിനു മുൻപാകെ മൊഴി നൽകിയിരുന്നു. കോടതി നിർദ്ദേശപ്രകാരം ഉസ്മയുടെ യാത്രാരേഖകള്‍ ഭര്‍ത്താവ് താഹിര്‍ അലി കോടതിയിൽ കൈമാറുകയായിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ഉസ്മ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിൽ അഭയം പ്രാപിച്ചത് പാക്കിസ്ഥാനിൽ വലിയ വിവാദമായിരുന്നു. ഭാര്യയെ ഇന്ത്യൻ അധികൃതർ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഭർത്താവ് താഹിർ അലി പരാതിപ്പെട്ടത്. മലേഷ്യയില്‍വച്ച് പ്രണയത്തിലായ ഇരുവരും കഴിഞ്ഞ മൂന്നിനാണ് വിവാഹിതരായത്. എംബസിയില്‍ അഭയം തേടിയ ഡോക്ടർ ഉസ്മയെ വാഗ അതിർത്തിവരെ പാക്കിസ്ഥാൻ സൈന്യം ആണ് എത്തിച്ചത്. ഉസ്മയെ സ്വീകരിക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞർ ഉൾപ്പടെയുള്ള സംഘം വാഗാ അതിർത്തിയിൽ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ