ന്യൂഡല്‍ഹി: ബിജെപിയുടെ ജനകീയ മുഖമായിരുന്നു അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ്. വനിതാ നേതാവ് എന്ന നിലയില്‍ സുഷമ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അമ്മയായിരുന്നു. ഒരു അമ്മയുടെ കരുതലാണ് സുഷമ സ്വരാജ് രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും കാണിച്ചതെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. ബിജെപിയുടെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കുന്നവര്‍ക്ക് പോലും സുഷമ സ്വരാജ് എന്ന വനിത നേതാവിനോട് പ്രിയമായിരുന്നു. അതിനാലാണ് സുഷമയുടെ മരണ വാര്‍ത്ത രാജ്യത്തെ ഇത്രയധികം വേദനിപ്പിക്കുന്നതും.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ നേതാവാണ് സുഷമ. ബിജെപിയുടെ വനിതാ മുഖം എന്നതിനൊപ്പം ജനകീയതയുടെ പര്യായം കൂടിയായിരുന്നു സുഷമ. കേന്ദ്ര വിദേശകാര്യ മന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളാണ് സുഷമയെ ജനങ്ങള്‍ക്കിടയില്‍ ഇത്രയും ജനകീയമാക്കിയത്.
വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ എത്തിയ വ്യക്തിയാണ് സുഷമ സ്വരാജ്. ഇന്ത്യന്‍ സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി സുഷമയാണ്. 1977 ല്‍ ഹരിയാന നിയമസഭയില്‍ അംഗമായി. 25 വയസായിരുന്നു അന്ന്. ക്യാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനമായിരുന്നു സുഷമയുടേത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന പദവിയും സുഷമ സ്വരാജിന് സ്വന്തം. 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിസംബര്‍ മൂന്ന് വരെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം സുഷമ വഹിച്ചത്.
1996 ലാണ് സുഷമ കേന്ദ്രമന്ത്രിയാകുന്നത്. എന്നാല്‍, വെറും 13 ദിവസം മാത്രമായിരുന്നു ആ മന്ത്രിസഭയുടെ ആയുസ്. എ.ബി.വാജ്പേയി മന്ത്രിസഭയിലാണ് സുഷമ കേന്ദ്രമന്ത്രിയാകുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു. എന്നാല്‍, വാജ്പേയി സര്‍ക്കാര്‍ 13 ദിവസത്തിന് ശേഷം അധികാരത്തില്‍ നിന്ന് പുറത്തായി. പിന്നീട്, 1998 ല്‍ വാജ്പേയ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ സുഷമയ്ക്ക് പിന്നെയും മന്ത്രിസ്ഥാനം ലഭിച്ചു. 1999 ല്‍ ബെല്ലാരിയില്‍ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും തോറ്റു പോയി. 1999 ലെ വാജ്പേയി സര്‍ക്കാരിലും കേന്ദ്രമന്ത്രി. 2000 ല്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിങ് മന്ത്രിയായി ചുമതലയേറ്റു. 2003 വരെ ഈ പദവിയില്‍ തുടര്‍ന്നു. 2003 മുതല്‍ 2004 വരെ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രിയായി. 15-ാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായി. എല്‍.കെ.അഡ്വാനിക്ക് ശേഷമാണ് സുഷമ ഈ സ്ഥാനം വഹിച്ചത്. 2014 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഏറ്റവും സുപ്രധാന വകുപ്പായ വിദേശകാര്യം സുഷമയ്ക്ക് ലഭിച്ചു.
ഏഴ് തവണ സുഷമ ലോക്സഭാ അംഗമായിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭയിലും അംഗമായി. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായി വിദേശകാര്യ വകുപ്പ് കൈക്കാര്യം ചെയ്യുന്ന വനിതയെന്ന നേട്ടവും സുഷമ സ്വരാജിന് സ്വന്തം. ബിജെപിയുടെ അഖിലേന്ത്യാ സെക്രട്ടറിയും ഔദ്യോഗിക വക്താവും ആയിട്ടുണ്ട്. 1952 ഫെബ്രുവരി 14 ന് ഹരിയാനയിലെ അംബാലയിലാണ് സുഷമയുടെ ജനനം.
2016 ല്‍ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ ആരോഗ്യപ്രശ്നങ്ങളാല്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു.