ഇസ്‌മായിലിയ: ഈജിപ്‌തിലെ സിനാൻ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 305 കവിഞ്ഞു. അതേസമയം പരുക്കേറ്റവരിൽ നിന്ന് ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

അഞ്ച് എസ്‌യുവികളിലായെത്തിയ ഭീകരർ പള്ളിയുടെ വാതിലുകൾക്കും ജനലുകൾക്കും സമീപം നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് പള്ളി ഇമാം പ്രാർത്ഥനക്ക് ശേഷം പ്രഭാഷണം ആരംഭിക്കാനിരിക്കെയാണ് ആക്രമണം നടന്നത്. എല്ലാ വശത്തു നിന്നും പള്ളിക്കകത്തേക്ക് തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

500 ലധികം വിശ്വാസികൾ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. ഇതിൽ 305 പേരാണ് മരിച്ചത്. ഇതിൽ 27 പേർ കുട്ടികളാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 128 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്.

25 നും 30 നും ഇടയിൽ വരുന്നവരാണ് ഭീകര സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് സൈന്യത്തിന്റെ നിഗമനം. എല്ലാവരും മുടിയും താടിയും നീട്ടിവളർത്തിയവരാണ്. ആർക്കും മീശ ഉണ്ടായിരുന്നില്ല.

അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് ആണ് പ്രവാചകനെന്നും കറുത്ത ബാനറിൽ ഇവർ എഴുതി ഉയർത്തിപ്പിടിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ബാനറുമായി ഇതിന് സാമ്യമുണ്ട്. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ