ന്യൂഡൽഹി: മുസ്ലിങ്ങളില്‍ കുറ്റകൃത്യം ചെയ്യാന്‍ സ്വാഭാവികമായ പ്രവണതയുണ്ടെന്ന് ഇന്ത്യയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ രണ്ടിലൊരാള്‍ വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട്. 2019ലെ സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും ഇങ്ങനെ കരുതുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സര്‍വേയ്ക്കായി അഭിമുഖം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍ 35 ശതമാനം പേരും ഗോവധ കേസുകളില്‍ ആള്‍ക്കൂട്ടം ”കുറ്റവാളിയെ” ശിക്ഷിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നുവെന്നും ബലാത്സംഗ ആരോപണവിധേയനായ ഒരാളെ ജനക്കൂട്ടം ശിക്ഷിക്കുന്നത് സ്വാഭാവികമാണെന്ന് 43 ശതമാനം പേര് കരുതുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയുടെ എന്‍ജിഒ കോമണ്‍ കോസ് ആന്‍ഡ് ലോക്നീതി പ്രോഗ്രാം തയ്യാറാക്കിയ പൊലീസിന്റെ പര്യാപ്തതയെയും തൊഴില്‍ സാഹചര്യങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുന്‍ സുപ്രീം കോടതി ജഡ്ജി ജെ.ചെലമേശ്വര്‍ പുറത്തിറക്കി. 21 സംസ്ഥാനങ്ങളിലായി വ്യാപിച്ച ഈ സര്‍വേയില്‍ പൊലീസ് സ്റ്റേഷനുകളിലെ 12,000 പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ 11,000 ത്തോളം കുടുംബാംഗങ്ങളുടെയും അഭിമുഖങ്ങള്‍ ഉള്‍പ്പെടുന്നു.
അഭിമുഖം നടത്തിയ 37 ശതമാനം ഉദ്യോഗസ്ഥര്‍ ചെറിയ കുറ്റങ്ങള്‍ക്ക് നിയമപരമായ വിചാരണയേക്കാള്‍ പൊലീസ് തന്നെ ചെറിയ ശിക്ഷ നല്‍കണമെന്ന് അഭിപ്രായപ്പെടുന്നു. സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ 72 ശതമാനം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ”രാഷ്ട്രീയ സമ്മർദം” അനുഭവപ്പെടുന്നതായി കണ്ടെത്തി.
‘പ്രതിബദ്ധതയുള്ള ഒരു ഉദ്യോഗസ്ഥന് എല്ലാ മാറ്റങ്ങളും വരുത്താന്‍ കഴിയും. എന്നാല്‍ ആരാണ് ആ ഉദ്യോഗസ്ഥനെ അവിടെ നിര്‍ത്തുക, ”ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. പൊലീസ് നിയമങ്ങള്‍ മറികടന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജഡ്ജിയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു.
“നമ്മുടെ ഉദ്യോഗസ്ഥർക്ക് നാം നൽകുന്ന പരിശീലനം എന്താണ്? (എ) സിവിൽ, ക്രിമിനൽ പ്രൊസീജ്യർ കോഡുകൾ, (ഇന്ത്യൻ) പീനൽ കോഡ്, എവിഡൻസ് ആക്ട് എന്നിവയെക്കുറിച്ചുള്ള ആറുമാസത്തെ ക്രാഷ് കോഴ്സ് മതിയായതായി കണക്കാക്കാനാവില്ല,”അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു: “ആരെയെങ്കിലും അനിഷ്ടപ്പെടുത്തിയതിന് ശിക്ഷയായി ട്രാൻസ്ഫർ ചെയ്യുന്നത് ഒരു പ്രശ്നമാണ്. ഭരണഘടനാ പദവികൾ വഹിക്കുന്ന ജഡ്ജിമാർ പോലും അനാവശ്യ സ്ഥലംമാറ്റങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നില്ല.”