നാഗ്പൂർ: ലാഹോറിലേക്ക് ഇന്ത്യ ഏതു സമയത്തും കടന്നു ചെല്ലുമെന്ന മുന്നറിയിപ്പായിരുന്നു മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന് നൽകിയതെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ”ഞങ്ങൾ മിന്നലാക്രമണം നടത്തിയത്, പാക്കിസ്ഥാനുളള സന്ദേശമായിരുന്നു. എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് ലാഹോറിലേക്ക് കടക്കാനാകും, അതിനാൽ സൂക്ഷിക്കുക,” ഇന്ദ്രേഷ് പറഞ്ഞു.
ജമ്മു കശ്മീരിൽ സഖ്യ സർക്കാരുണ്ടാക്കി, മൂന്നു നാലു പ്രധാന ലക്ഷ്യങ്ങൾ നേടാനുണ്ടായിരുന്നു. അത് നേടി ഞങ്ങളുടെ ദൗത്യം പൂർത്തിയാക്കിയപ്പോൾ സഖ്യം വിട്ടു, അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ പിഡിപിയുമായുളള സഖ്യം അവസാനിപ്പിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സഖ്യ സർക്കാരുമായി ചേർന്ന് ഭീകരർക്കെതിരെ ഓപ്പറേഷനുകൾ നടത്തി. 300 ഓളം ഭീകരരെ കൊന്നു. ഭീകരർക്ക് ധനസഹായം നൽകുന്നവർക്കെതിരെ നടപടിയെടുക്കാൻ സേന, പൊലീസ്, എൻഐഎ, ഇന്റലിജൻസ് ബ്യാറോ എന്നിവർക്ക് പൂർണ സ്വാതന്ത്ര്യം നൽകി- ഇന്ദ്രേഷ് പറഞ്ഞു. ജമ്മു കശ്മീർ സർക്കാരിന്റെ സഹായമില്ലാതെ മിന്നലാക്രമണം നടത്താൻ കഴിയില്ലായിരുന്നുവെന്ന് പറഞ്ഞ ഇന്ദ്രേഷ്, പക്ഷേ പിഡിപിയുടെ പേര് പരാമർശിച്ചില്ല.
2016 ലാണ് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയത്. നിരവധി പാക് ഭീകരരെ കൊല്ലുകയും അവരുടെ താവളങ്ങൾ സൈന്യം തകർക്കുകയും ചെയ്തിരുന്നു.