ന്യൂഡൽ‌ഹി: കാശ്മീർ അതിർത്തി കടന്ന് പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് പ്രചാരണ ആയുധമാക്കുന്ന പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വിഷയത്തിൽ അതിരൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്.

മിന്നലാക്രമണം പ്രചാരണ ആയുധമാക്കുന്നതിനെതിരെ റിട്ട ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. “സൈന്യത്തെ സ്വന്തം മുതലായി ഉപയോഗിക്കുന്ന മിസ്റ്റർ 36 ന് നാണമില്ല,” എന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.

ട്വിറ്ററിൽ മോദിയുടെ പേര് എടുത്ത് പറയാതെയാണ് വിമർശനം. ട്വീറ്റ് ഇങ്ങിനെ, “നിങ്ങൾ യഥാർത്ഥ സൈനിക ജനറലിനെ പോലെയാണ് സംസാരിച്ചത്.  ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. മിസ്റ്റർ 36 ന് സൈന്യം സ്വന്തം സ്വത്തായി ഉപയോഗിക്കുന്നതിൽ ഒരു നാണവുമില്ല. രാഷ്ട്രീയ മൂലധനത്തിനും റാഫേൽ ഇടപാടിലൂടെ അനിൽ അംബാനിയുടെ ആസ്തി 30000 കോടിയാക്കി വർധിപ്പിക്കുന്നതിനുമാണ് അദ്ദേഹം ശ്രമിച്ചത്.”

ഫ്രാൻസിൽ നിർമ്മിക്കുന്ന 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടതാണ് ആരോപണം. രാഹുൽ ഉദ്ദേശിച്ച 36 ഇഞ്ച്, യഥാർത്ഥത്തിൽ റാഫേൽ ഇടപാടിൽ ഒപ്പുവച്ച 36 യുദ്ധവിമാനങ്ങളെ കുറിച്ചുളളതാണ്.

കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്നായാണ് സർജിക്കൽ സ്ട്രൈക്കിനെ ബിജെപി വിശേഷിപ്പിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് സൈന്യം ഇത്തരത്തിൽ മൂന്ന് തവണ അതിർത്തി കടന്ന് പാക്കിസ്ഥാനെ ആക്രമിച്ചിട്ടുണ്ടെന്നാണ് രാഹുൽ ഇതിന് നൽകിയ മറുപടി. എന്നാൽ ഇവയെല്ലാം രഹസ്യമാക്കി വയ്ക്കുകയാണ് ചെയ്തതെന്നും സൈനിക നീക്കങ്ങൾ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കാറില്ലെന്നും അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook