/indian-express-malayalam/media/media_files/2026/01/06/suresh-kalmadi-2026-01-06-22-13-14.jpg)
രേഷ് കൽമാഡി (File Photo)
ഒളിംപിക്സ് കായിക ഇനങ്ങൾ എന്നതിലേക്കെല്ലാം ഇന്ത്യൻ കായിക ലോകത്തിന്റെ ചിന്ത എത്തുന്നതിന് മുൻപ് തന്നെ അതിന്റെ സാധ്യത തിരിച്ചറിഞ്ഞൊരു വ്യക്തിയുണ്ട്, സുരേഷ് കൽമാഡി! ദേശിയ തലത്തിലും രാജ്യാന്തര തലത്തിലും അദ്ദേഹം സ്പോർട്സ് ഇവന്റുകൾ ആവിഷ്കരിച്ചു. സ്പോർട്ടിങ് കലണ്ടറിൽ ഇപ്പോഴും സുരേഷ് കൽമാഡിയുടെ ആ അടയാളപ്പെടുത്തൽ കാണാം. ലോകത്തിലെ പല പ്രമുഖ താരങ്ങളെ ഇന്ത്യൻ മണ്ണിലെത്തിച്ചു. എന്നാൽ ഇന്ത്യൻ കായിക ലോകത്ത് മാറ്റങ്ങൾ കൊണ്ടുവന്നസുരേഷ് കൽമാഡിയുടെ പാരമ്പര്യത്തിന് മേൽ മാറ്റാനാവാത്ത വിധം കളങ്കമേൽപ്പിച്ചാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്കും ഒടുവിൽ അധികാരത്തിൽ നിന്നുള്ള വീഴ്ചയിലേക്കും നയിച്ച അഴിമതി ആരോപണങ്ങൾ വന്നത്.
​ചൊവ്വാഴ്ച പുണെയിൽ 81ാം വയസ്സിൽ അന്തരിച്ച സുരേഷ് കൽമാഡി ഇന്ത്യൻ കായിക ഭരണരംഗത്ത് വലിയ ലക്ഷ്യങ്ങളും ദീർഘവീക്ഷണവുമുള്ള വ്യക്തികളിൽ ഒരാളായിരുന്നു. അതേസമയം തന്നെ ഏറ്റവും കൂടുതൽ വിവാദങ്ങൾക്കും ഭിന്നതകൾക്കും വഴിതെളിച്ച ഒരു വ്യക്തിയുമായിരുന്നു.
​രാഷ്ട്രീയക്കാരനായ കൽമാഡിയുടെ ദേശീയ തലത്തിലെ കായിക ഭരണരംഗത്തേക്കുള്ള ആദ്യത്തെ പ്രധാന ചുവടുവെപ്പ് 1987ൽ ആയിരുന്നു. ആ വർഷം അദ്ദേഹം അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റു. പിന്നെ 19 വർഷത്തോളം സുരേഷ് കൽമാഡി ആ പദവിയിൽ തുടർന്നു.
Also Read:കരൂർ ദുരന്തം: ടിവികെ നേതാക്കൾക്ക് സിബിഐ സമൻസ്; ചോദ്യം ചെയ്യൽ ഉടൻ
1996ൽ കൽമാഡി ഇന്ത്യൻ കായിക ഭരണ രംഗത്തെ കൂടുതൽ ഉയർന്ന പദവിയിലേക്ക് എത്തി. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മേധാവിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ 15 വർഷം കൽമാഡി ആ പദവിയിൽ തുടർന്നു. ഒരേസമയം അദ്ദേഹം വഹിച്ച ഈ രണ്ട് പദവികളിലൂടെയാണ് കൽമാഡി ഇന്ത്യൻ കായികരംഗത്ത് പ്രകടമായ മാറ്റങ്ങൾ കൊണ്ടുവന്നത്.
ദേശിയ അത്ലറ്റിക്സ് ഭരണ രംഗത്തെ ചുമതലകൾ വഹിക്കുന്നതിനൊപ്പം തന്നെ പലതവണ ലോക് സഭയിലേക്കും രാജ്യസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1989 മുതൽ 1998 വരെയുള്ള കാലയളവിൽ ഡൽഹിയിൽ നടന്ന എട്ട് മത്സരങ്ങളിലായി ലോകത്തെ പ്രമുഖ ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളെ അദ്ദേഹം ഇന്ത്യയിലെത്തിച്ചു. 1989ൽ ആദ്യമായി ഇന്ത്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പും ഇതിൽ ഉൾപ്പെടുന്നു.
കായിക ഇനങ്ങളോടുള്ള ജനപ്രീതി വർദ്ധിപ്പിക്കുന്നതിനായി കൽമാഡി ഇന്ത്യയിലെത്തിച്ച ഇതിഹാസ താരങ്ങളിൽ കാൾ ലൂയിസും ഉണ്ടായിരുന്നു. ഇന്ത്യൻ കായിക മേഖലയിലേക്ക് ജനങ്ങളുടെ താത്പര്യം കൂട്ടുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത്. കാൾ ലൂയിസ് ഉൾപ്പെടെയുള്ള താരങ്ങളെ എത്തിക്കാൻ വലിയ പ്രതിഫലമാണ് ഇവർക്ക് നൽകേണ്ടി വന്നത്.
ഏഷ്യൻ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് എന്ന പദവിയിലേക്കാണ് പിന്നെ കൽമാഡി എത്തിയത്. ഈ പദവിയിലിരുന്നാണ് അദ്ദേഹം 1990ൽ ഏഷ്യൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് തുടക്കമിട്ടത്.
ഇന്ത്യൻ വ്യോമസേനാംഗമായിരുന്നു സുരേഷ് കൽമാഡി. 1964 മുതൽ 1974 വരെ അദ്ദേഹം വ്യോമസേനയുടെ ഭാഗമായിരുന്നു. വ്യോമസേനയിലും രാഷ്ട്രിയത്തിലും കായിക ഭരണ രംഗത്തും തന്റെ നേതൃപാടവും വ്യക്തമാക്കിയ കൽമാഡിയുടെ മറ്റൊരു നേട്ടം 1987ന് ശേഷം ആറ് വർഷത്തോളം മുടങ്ങിക്കിടന്ന നാഷണൽ ഗെയിംസിനെ പുനരുജ്ജീവിപ്പിച്ചു എന്നതാണ്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തലവൻ സ്ഥാനത്ത് ഇരുന്നുകൊണ്ടായിരുന്നു ഇത്. കൽമാഡി കാര്യപ്രാപ്തിയുള്ള വ്യക്തിയാണെന്ന് കായിക ഭരണരംഗത്തെ മുതിർന്നവർ സാക്ഷ്യപ്പെടുത്തുന്നു.
Also Read:ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ
ഒരു ദീർഘദർശി എന്നാണ് കൽമാഡിയെ 2010ലെ കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതിയുടെ സെക്രട്ടറി ജനറലായിരുന്ന ലളിത് ഭാനോട്ട് വിശേഷിപ്പിച്ചത്. "കായിക ഭരണാധികാരി എന്ന നിലയിൽ കൽമാഡി ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു. കോമൺവെൽത്ത് ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, നാഷണൽ ഗെയിംസ് എന്നിവ വിജയകരമായി സംഘടിപ്പിക്കാൻ അദ്ദേഹത്തിനായി. ഇന്ത്യൻ കായികരംഗത്ത് കൽമാഡി കൊണ്ടുവന്ന പോസിറ്റീവ് മാറ്റങ്ങൾ ഇങ്ങനെ നിരവധിയാണ്.
ജോലിയിൽ വിട്ടുവീഴ്ചയില്ലാത്ത കർക്കശക്കാരനായിരുന്നു കൽമാഡി. കൃത്യസമയത്ത് ഏറ്റവും മികച്ച നിലയിൽ ജോലി പൂർത്തിയാക്കണം എന്ന നിലപാടുള്ള കർക്കശക്കാരനായ മേധാവി. കായിക താരങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു," ഭാനോട്ട് പറഞ്ഞു.
സംസ്ഥാനങ്ങളിൽ കായിക മേഖലയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ വന്നു. ഇതിനായി കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് കൽമാഡി ഉറപ്പാക്കി. മണിപ്പൂർ, ഗുവാഹത്തി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെല്ലാംകായിക വികസനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങി.
​സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യ ആദ്യ വ്യക്തിഗത ഒളിംപിക് സ്വർണ്ണ മെഡൽ നേടിയത് കൽമാഡിയുടെ ഭരണകാലത്തായിരുന്നു, 2008ൽ.പിന്നാലെ 2008ൽ പുണെയിലേക്ക് കോമൺവെൽത്ത് യൂത്ത് ഗെയിംസ് അദ്ദേഹം കൊണ്ടുവന്നു. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യയെ വേദിയാക്കാൻ കൽമാഡിയുടെ ശ്രമങ്ങൾക്കായി.
ഇന്ത്യൻ മണ്ണിലേക്ക് കൽമാഡി കോമൺവെൽത്ത് ഗെയിംസ് കൊണ്ടുവന്നതോടെ നമ്മുടെ കായിക താരങ്ങൾക്കും അത് ഊർജമായി. അത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ 38 സ്വർണ്ണമടക്കം ആകെ 101 മെഡലുകൾ ഇന്ത്യ നേടി.കോമൺവെൽക്ക് ഗെയിംസിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി അത് മാറി.
മെഡലുകൾ വാരിക്കൂട്ടുന്നതിൽ 2010ലെകോമൺവെൽത്ത് ഗെയിംസ് വലിയ വിജയമായിരുന്നെങ്കിലും കൽമാഡിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്ക് നേരെ വിമർശനങ്ങൾ ശക്തമായി. കൽമാഡിക്കും സംഘാടക സമിതിക്കും നേരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഒടുവിൽ അദ്ദേഹത്തിന്റെ തകർച്ചയ്ക്ക് കാരണമായി
2010ലെ കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ ഉയർന്ന അഴിമതി ആരോപണങ്ങൾ സൃഷ്ടിച്ച നിയമക്കുരുക്കുകൾ ശക്തമായിരുന്നു. 2020ലെ 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് പ്രകാരം, ഗെയിംസിന്റെ സമാപന ചടങ്ങ് കഴിഞ്ഞ് 10 വർഷം പിന്നിട്ടിട്ടും അമ്പതിലധികം കേസുകൾ വിവിധ കോടതികളിലും ആർബിട്രേഷനുകളിലുമായി തീർപ്പാകാതെ കിടപ്പുണ്ടായിരുന്നു.
2011 ഏപ്രിലിൽ കൽമാഡി അറസ്റ്റിലായി.ഒൻപത് മാസം അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ ഈ വർഷം ഏപ്രിലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും കൽമാഡിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.
Read More: ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us