കൊച്ചി: കൊച്ചിയില്‍ നടിക്കെതിരെ നടന്ന അതിക്രമത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരത്തിന് പിന്തുണ അറിയിച്ച സുരേഷ് ഗോപി സംഭവത്തെ ശക്തമായി വിമര്‍ശിച്ചു. ഞാൻ അവൾക്കൊപ്പമാണ്, സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളിൽ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മൾ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്.

ഇതിനെ ചെറുക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ, ഇനിയൊരു പെൺകുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുതെന്നും ഞാൻ കൂടെയുണ്ടെന്നും പറഞ്ഞാണ് സുരേഷ് ഗോപി കുറിപ്പ് അവസാനിപ്പിക്കുന്നത്.

സംഭവത്തില്‍ പ്രതികരണവുമായി മോഹന്‍ലാലും രംഗത്തെത്തിയിട്ടുണ്ട്. ഒരു സ്ത്രീയ്ക്ക് എതിരായി നടന്ന അതിക്രമം നിര്‍ഭാഗ്യകരമായിപ്പോയെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മൃഗങ്ങളേക്കാള്‍ വൃത്തിക്കെട്ട ഇത്തരം ആള്‍ക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെ നല്‍കണമെന്ന് അദ്ദേപം പറഞ്ഞു.

മൃഗത്തിന്റെ ഗണത്തില്‍ പോലും പെടുത്താന്‍ പറ്റാത്ത ഇത്തരം ചിന്താഗതി ഉള്ളവര്‍ക്ക് ഒരു പാഠമാകണം ഇവര്‍ക്കുള്ള ശിക്ഷ. കേവലമായ സഹാനുഭൂതി കാണിക്കുകയല്ല വേണ്ടതെന്നും ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഹൃദയം നടിക്കൊപ്പം നിലകൊള്ളുന്നതായും യാതൊരു കാലതാമസവും കൂടാതെ നീതി നടപ്പിലാവട്ടേയെന്നും മോഹന്‍ലാല്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ