ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ജനങ്ങള്‍ കല്യാണം കഴിക്കുന്നുണ്ടെന്നും ട്രെയിനുകളില്‍ നിറയെ ആളുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് അന്‍ഗാദി.

ഉത്തര്‍പ്രദേശിലെ കിഴക്കന്‍ ചരക്ക് ഇടനാഴിയുടെ തുണ്ട്‌ല-ഖുജ്‌റ സെക്ഷന്‍ പരിശോധിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. സാമ്പത്തിക ദുരിതത്തിന്റെ പേര് പറഞ്ഞ് ആളുകള്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

” സമ്പദ് വ്യവസ്ഥ നന്നായി പോകുകയാണ്. വിമാനത്താവളങ്ങളിലും ട്രെയിനുകളിലും തിരക്കുണ്ട്. ആളുകള്‍ വിവാഹം കഴിക്കുന്നുമുണ്ട്,” കര്‍ണാടകയിലെ ബെല്‍ഗാമില്‍നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അന്‍ഗാദി പറഞ്ഞു.

” ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും സമ്പദ് വ്യവസ്ഥയില്‍ ഉപഭോഗത്തില്‍ കുറവുണ്ടാകാറുണ്ട്. അതൊരു ചക്രഗതിയാണ്. തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടും ഉയരും, ” മന്ത്രി പറഞ്ഞു. ഇന്ത്യ അഞ്ച് ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും മന്ത്രി അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook