സൂറത്ത്: ‘ലേഡി ഡോൺ’ എന്ന് അറിയപ്പെട്ട 20 കാരി സൂറത്തിൽ അറസ്റ്റിലായി. കടയുടമയെ വാൾ ചൂണ്ടി ഭീഷണിപ്പെടുത്തി 500 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. ‘സൂറത്ത് ലേഡി ഡോൺ’ എന്ന് അറിയപ്പെടുന്ന അസ്മിത ഗോഗിൽ എന്ന പെൺകുട്ടിയ്ക്ക് ഒപ്പം സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബൈക്കിലെത്തിയ അസ്മിതയും സുഹൃത്തും ചേർന്ന് കടയുടമയെ ഭീഷണിപ്പെടുത്തുന്നതിന്റെയും നിർബന്ധിപ്പിച്ച് കട അടപ്പിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. ആയുധം ഉപയോഗിച്ച് ആൾക്കാരെ അസ്മിത ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാർച്ചിൽ ഹോളി ആഘോഷസമയത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തി അവരിൽനിന്നും പണം കവരുന്ന വീഡിയോ പുറത്തുവന്നിരുന്നു.

അസ്മിതയുടെ പേരിൽ നിരവധി കേസുകളുണ്ടെന്നും പെൺകുട്ടിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് ഓഫിസർ എം.പി.പട്ടേൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവയാണ് അസ്മിത. ഫെയ്സ്ബുക്കിൽ 2,500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്സുമുണ്ട്. ആയുധങ്ങൾ കൈയ്യിൽ പിടിച്ചുളള ചിത്രങ്ങൾ അസ്മിത നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ