സൂറത്ത്: വെളളിയാഴ്ച്ചയാണ് ഗുജറാത്തിലെ സൂറത്തില്‍ രാജ്യത്തെ നടുക്കിയ തീപിടിത്തം ഉണ്ടായത്. തക്ഷശില അര്‍ക്കാഡെയില്‍ ഉണ്ടായ തീപിടിത്തത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്ന ഒരാളുടെ വീഡിയോ പകര്‍ത്തപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ചാടുമ്പോള്‍ രണ്ടാം നിലയില്‍ നിന്നുമാണ് 23കാരനായ കേഥന്‍ ജോറാവാദിയ എന്ന യുവാവ് കുട്ടികളെ രക്ഷിക്കുന്നത്. ഒരു പെണ്‍കുട്ടി താഴേക്ക് വീഴുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കേഥന്റെ കൈയില്‍ നിന്നും വഴുതി മാറി പെണ്‍കുട്ടി താഴെ വീണ് മരിച്ചു. എന്നാല്‍ ഇതിന് പിന്നാലെ മൂന്ന് കുട്ടികളെ അദ്ദേഹം സുരക്ഷിതമായി താഴെ ഇറക്കി രക്ഷിച്ചു.

ഇതിന് ശേഷം കെട്ടിടത്തിന്റെ പിന്‍വശത്ത് കൂടെയും അദ്ദേഹം പത്തോളം കുട്ടികളെ സുരക്ഷിതമായി താഴെ ഇറക്കി. ‘മുഴുവന്‍ പുക മൂടി കിടക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കണ്ണിന്റെ മുമ്പിലാണ് ഒരു പെണ്‍കുട്ടി താഴേ വീണ് മരിച്ചത്. ഇതിന് ശേഷമാണ് പറ്റുന്നത്രയും പേരെ രക്ഷിക്കണമെന്ന് തോന്നിയതെ’ന്നും അദ്ദേഹം പറഞ്ഞു.

‘പിട്ടിലുണ്ടായിരുന്ന ഏണി എടുത്ത് പത്തോളം കുട്ടികളെ താഴെ ഇറക്കി. പിന്നെ രണ്ട് കുട്ടികളെ കൂടി രക്ഷിച്ചു. പറ്റുന്നത്രയും കുട്ടികളെ രക്ഷിക്കാന്‍ എനിക്കായി,’ കേഥൻ പറഞ്ഞു. ഇദ്ദേഹം മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. മരിച്ച കുട്ടികളെ രക്ഷിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീപിടിച്ചതിന് 45 മിനുട്ടോളം കഴിഞ്ഞാണ് അഗ്നിശമനാ സേനാ വിഭാഗം എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ‘അവരുടെ കൈയില്‍ അവശ്യമായ സാമഗ്രികള്‍ ഇല്ലായിരുന്നു. വല പോലെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുറച്ച് കുട്ടികളെ രക്ഷിക്കാന്‍ കഴിയുമായിരുന്നു,’ കേഥൻ പറഞ്ഞു.

20 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. സംഭവത്തിൽ ട്യൂഷൻ സെന്റര്‍ ഉടമ ഭാർഗവ ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കം മൂന്ന് പേർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൂറത്തിലെ സർത്താനയിലുള്ള തക്ഷശില കോംപ്ലക്സിലാണ് വെളളിയാഴ്ച്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെൻററിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു.

കെട്ടിടത്തിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. തക്ഷശില കോംപ്ലക്സ് ഉടമകളായ ജിഗ്നേഷ്, ഹർഷാൽ ട്യൂഷൻ സെന്റർ ഉടമ ഭാർഗവ ഭൂട്ടാനി എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഭാർഗവയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook