ന്യൂഡല്‍ഹി: വിവാദമായ റഫേല്‍ ഇടപാടിനെ ന്യായീകരിച്ചും ബിജെപിക്ക് വോട്ട് ചോദിച്ചും ഒരു വിവാഹ ക്ഷണക്കത്ത്. റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന ക്ഷണക്കത്തിന് പ്രധാനമന്ത്രി തന്നെ പ്രശംസ അറിയിക്കുകയും ചെയ്തു, ഗുജറാത്തിലെ സൂറത്തിലുളള യുവരാജ് പൊഖര്‍ന എന്ന യുവാവിന്റേയും സാക്ഷി അഗര്‍വാളിന്റേയും വിവാഹത്തിനാണ് ഇത്തരത്തില്‍ ക്ഷണക്കത്ത് അടിച്ചത്. ജനുവരി 22ന് ആണ് വിവാഹം.

യുവരാജിന്റെ മാതാവിനെ അഭിസംബോധന ചെയ്താണ് പ്രശംസ അറിയിച്ച് മോദി കത്ത് അയച്ചിരിക്കുന്നത്. ‘സമര്‍ത്ഥമായി’ തയ്യാറാക്കിയ ക്ഷണക്കത്ത് എന്നാണ് മോദി ഇതിനെ പറയുന്നത്. ഇനിയും രാജ്യത്തിന് വേണ്ടി ജോലി ചെയ്യാന്‍ തന്നെ ഇത് പ്രചോദിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. യുവരാജിന്റെ അമ്മ ബബിത പ്രകാശിനെ അഭിസംബോദന ചെയ്താണ് മോദിയുടെ കത്ത്.

‘പൊഖര്‍ന കുടുംബത്തിന് എന്റെ എല്ലാവിധ ആശംസകളും. അതിഥികള്‍ക്കായി അയച്ച ക്ഷണക്കത്തിന്റെ വിശിഷ്ടമായ രൂപം ശ്രദ്ധിച്ചു. അതിലെ സമര്‍ത്ഥമായി തയ്യാറാക്കി. ഉളളടക്കം നിങ്ങള്‍ക്ക് രാജ്യത്തോടുളള ആശങ്കയും സ്നേഹവും വെളിവാക്കുന്നതാണ്. നമ്മുടെ രാജ്യത്തിനായി ഇനിയും നന്നായി പ്രവര്‍ത്തിക്കാന്‍ ഇത് എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. നവദമ്പതികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു,’ മോദി അയച്ച കത്തില്‍ പറയുന്നു.

‘സമാധാനമായി ഇരിക്കൂ, നമോയെ വിശ്വസിക്കൂ’ എന്ന തലക്കെട്ടോടുകൂടിയാണ് റഫാൽ വിവരങ്ങൾ നൽകിയിരിക്കുന്നത്. തലക്കെട്ടിന്റെ ഇരുവശങ്ങളിലുമായി രണ്ട് റഫാൽ വിമാനങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആയുധധാരിയായ ജെറ്റിന്റേയും സാധാരണ വിമാനത്തിന്റെയും വില തമ്മിൽ ഒരു വിഢ്ഡി പോലും താരതമ്യം ചെയ്യില്ല. റഫാൽ‌ ഇടപാടിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പിൻതുടരുന്ന തരത്തിലാണ് ക്ഷണക്കത്തിലും വിവരങ്ങൾ നൽകിയിട്ടുള്ളത്. റഫാൽ ഇടപാടിൽ റിലയന്‍സിനെ പങ്കാളിയാക്കാൻ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളും ക്ഷണക്കത്തിൽ വിശദീകരിക്കുന്നുണ്ട്. നേരത്തേയും ബിജെപിക്ക് വോട്ട് തേടി ഇത്തരം ക്ഷണക്കത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook