scorecardresearch
Latest News

സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവ്

സിദ്ദിഖ് കാപ്പന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിണറായി വിജയന്‍ കത്തയച്ചിരുന്നു

Siddique Kappan, സിദ്ദിഖ് കാപ്പന്‍, Siddique Kappan bail, ED

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവ്. എയിംസിലോ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ പ്രവേശിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കാപ്പന് ചികിത്സ നല്‍കേണ്ടതാണ് അത്യാവശ്യമെന്ന് കോടതി നിരീക്ഷിച്ചു.

സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. കാപ്പന്‍ കോവിഡ് മുക്തനായെന്നും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയതായും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. കാപ്പന് മുറിവ് പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി ചട്ടവിരുദ്ധമാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് പറഞ്ഞത്.

കാപ്പനെ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ യുപി സര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണുണ്ടായത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേയ്ക്ക് മാറ്റിയത്. ഇന്നലെ തന്നെ ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.

Also Read: സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണം: മുഖ്യമന്ത്രി യുപി മുഖ്യമന്ത്രിക്ക് കത്തയച്ചു

സിദ്ദിഖ് കാപ്പന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഈ വിഷയത്തിൽ ഇടപെടണമെന്നും സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകണമെന്നും കത്തിൽ ആദിത്യനാഥിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സിദ്ദിഖിന് ആവശ്യമായ വിദഗ്ധ പരിചരണം ലഭ്യമാക്കണമെന്നും മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി ആധുനിക ജീവൻ രക്ഷാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമെ കേരളത്തിലെ എംപിമാരും കാപ്പന് വേണ്ടി രംഗത്തെത്തിയിരുന്നു. കാപ്പന് കൂടുതല്‍ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് എംപിമാരായ കെ.സുധാകരൻ, കെ.മുരളീധരൻ, ഇ.ടി.മുഹമ്മദ് ബഷീർ, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, ടി.എൻ.പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻ.കെ.പ്രേമചന്ദ്രൻ, പി.വി.അബ്ദുൾ വഹാബ് എന്നിവര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ.വി.രമണയ്ക്ക് കത്തയക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court will consider petition regarding siddique kappan treatment today

Best of Express