ന്യൂഡല്‍ഹി: സുപ്രധാനമായ അയോധ്യ കേസ് വിധിയ്ക്ക് പിന്നാലെ നിര്‍ണ്ണായക കേസുകളിലാണ് സുപ്രീംകോടതി വിധി വരാനുള്ളത്. നിര്‍ണായകമായ രണ്ട് വിധികളാണ് നാളെ സുപ്രീംകോടതി പുറപ്പെടുവിക്കുക. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതാണ് ഒന്ന്. അയോഗ്യരാക്കിയ കര്‍ണാടകയിലെ 15 എംഎല്‍മാരുടെ ഹര്‍ജിയിലാണ് രണ്ടാമത്തെ വിധി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് നാളെ വിധി പറയുക. സുപ്രീംകോടതി സെക്രട്ടറി ജനറല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക. എന്‍.വി.രമണ, ഡി.വൈ.ചന്ദ്രചൂഢ്, ദീപക് ഗുപ്ത,സഞ്ജീ ഖന്ന എന്നിവരാണ് ബെഞ്ചിലുള്ളത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പ്രഖ്യാപിക്കുക. ഇതോടൊപ്പം ബാങ്കിങ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസിലും വിധി പ്രഖ്യാപിക്കും.

2010 ലാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരി വയ്ക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 2016 ഓഗസ്റ്റില്‍ കേസ് ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. കഴിഞ്ഞ ഏപ്രീലിലാണ് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

കര്‍ണാടകത്തില്‍ കൂറുമായിയ 15 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ പുറത്താക്കപ്പെട്ട എംഎല്‍എമാര്‍ ഹര്‍ജി നല്‍കുകയായിരുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ കോടതിയാണ് കര്‍ണാട കേസിലെ വിധി പറയുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook