ന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യനിരോധനം ബാറുകൾക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും ബാധകമെന്ന് സുപ്രീംകോടതി വിധി. ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളിൽ ദൂരപരിധി കുറച്ചു. 500 മീറ്ററിനുളളിലുളള മദ്യശാലകൾ എന്നത് 220 മീറ്റർ ആയാണ് കുറച്ചത്. 20,000 ൽ താഴെ ജനസംഖ്യയുളള തദ്ദേശ ഭരണ പ്രദേശങ്ങളിൽ മാത്രമാണ് ഈ ഇളവ് ബാധകം. ചീഫ് ജസ്‌റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.

അതേസമയം, മേഘാലയ, സിക്കിം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ലൈസൻസ് കാലാവധി അവസാനിച്ചിട്ടില്ലാത്ത ബാറുകൾ മാറ്റി സ്ഥാപിക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ബിയർ-വൈൻ പാർലറുകൾക്കും കളളു ഷാപ്പുകൾക്കും വിധി ബാധകമാണ്. ക്ലബുകളിലെ ബാറുകൾ പൂട്ടുകയോ മാറ്റുകയോ വേണം.

ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റാൻ കേരളത്തിനും ഇളവില്ല. ബിവറേജസ് കോർപറേഷന്റെ 144 ഔട്ട്‌ലെറ്റുകളും കൺസ്യൂമർഫെഡിന്റെ 13 ഔട്ട്‌ലെറ്റുകളും ഇന്നു രാത്രിയോടെ പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണം. അഞ്ഞുറോളം ബിയർ-വൈൻ പാർലറുകളും ഇരുപതോളം ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളും പൂട്ടേണ്ടി വരും. മാഹിയിൽ 36 മദ്യശാലകൾ പൂട്ടേണ്ടി വരും. വിധി അംഗീകരിക്കുന്നുവെന്ന് എക്സൈസ് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു. വിധി ഉടൻതന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 15നാണ് ദേശീയ, സംസ്‌ഥാന പാതകൾക്കു 500 മീറ്റർ ചുറ്റളവിനുള്ളിൽ മദ്യക്കടകൾ നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധി പിൻവലിക്കുക, വിധിയിലെ വ്യവസ്‌ഥകൾ പരിഷ്‌കരിക്കുക, മദ്യക്കടകളെന്നതിൽ ബാർ ഹോട്ടലുകളും മറ്റും ഉൾപ്പെടുമോയെന്നു വ്യക്‌തമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ടുളള 54 ഹർജികളാണ് കോടതി പരിഗണിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ