ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്ത്രീകളെ അന്തസ്സോടെയല്ലാതെ കാണുന്ന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഭർത്താവ് ഭാര്യയുടെ യജനമാനനല്ല. തുല്യത ഭരണഘടന ഉറപ്പു നൽകുന്നതാണ്. 497-ാം വകുപ്പ് വിവേചനപരമാണെന്ന് പറഞ്ഞ കോടതി വകുപ്പ് റദ്ദാക്കുകയും ചെയ്തു. 180 ലധികം വർഷം പഴക്കമുളള വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാലു വിധിപ്രസ്താവമാണ് ഉണ്ടായിരിക്കുന്നത്. ബെഞ്ചിലെ മുഴുവൻ അംഗങ്ങളും 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് പറഞ്ഞത്. സ്ത്രീകളുടെ തുല്യതയ്ക്കും അന്തസ്സിനും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നാണ് എല്ലാ ജഡ്ജിമാരും പറഞ്ഞത്. സ്ത്രീകളുടെ ജീവിക്കാനുളള അവകാശത്തെ ഹനിക്കുന്നതാണ് 497-ാം വകുപ്പെന്നും ബെഞ്ച് വ്യക്തമാക്കി.

വിവാഹേതര ലൈംഗിക ബന്ധം വിവാഹമോചനത്തിനുളള കാരണമായി പല വ്യക്തിഗത നിയമങ്ങളിലും പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ 497-ാം വകുപ്പ് പ്രകാരം വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കി നിലനിർത്തേണ്ടതില്ലെന്നും അത് കാലഹരണപ്പെട്ട നിയമമാണെന്നും അത് റദ്ദാക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. അതിനോട് പിന്തുണച്ചുളള വിധിയാണ് ജസ്റ്റിസ് നരിമാൻ എഴുതിയത്. അതിനുശേഷം വിധി പറഞ്ഞ ഡിവൈ ചന്ദ്രചൂഡും 497-ാം വകുപ്പ് റദ്ദാക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു.

497-ാം വകുപ്പ് തുല്യതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഭരണഘടന ഒരാൾക്ക് നൽകുന്ന സ്വകാര്യത, മൗലികാവകാശം എന്നിവയുടെ ലംഘനമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐപിസിയിലെ 497-ാം വകുപ്പ് റദ്ദാക്കണമെന്ന ഹർജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ നരിമാൻ, എ.എം.ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

2017 ഡിസംബറിൽ മലയാളിയായ ജോസഫ് ഷൈനാണ് സുപ്രീം കോടതിയിൽ പരാതി നൽകിയത്. പിന്നീട് ജനുവരിയിൽ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടു.

ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497-ാം വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാകുന്നത്. ഇത്തരം കേസുകളിൽ സ്ത്രീകൾക്കെതിരെ വകുപ്പ് ചുമത്താനാകില്ല. പുരുഷന്മാർ മാത്രമാണ് കുറ്റവാളികളാവുക.

ഈ വകുപ്പ് പ്രകാരം ഭർത്താവിനെയാണ് ഭരണഘടന ഇരയായി കണക്കാക്കുന്നത്. പ്രതിയാകുന്ന ആളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഈ വകുപ്പ് ശുപാർശ ചെയ്യുന്നുണ്ട്. സ്ത്രീകളെ ഭർത്താക്കന്മാരുടെ വ്യക്തിപരമായ സ്വത്തായി കാണുന്നതാണ് വകുപ്പെന്നാണ് കോടതി വാദം കേൾക്കുന്നതിനിടെ പരാമർശിച്ചത്.

എന്നാല്‍, 497 വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. രാജ്യത്ത് വിവാഹ ബന്ധങ്ങൾ തകരാനേ ഇതുപകരിക്കൂവെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ