ന്യൂഡല്‍ഹി: പൗരന്റെ ബയോ മെട്രിക് വിവരങ്ങള്‍ തിരിച്ചറിയാനായി ഉപയോഗിക്കുന്ന ആധാര്‍ കാര്‍ഡ് ഭരണഘടനാപരമോ എന്ന് പരിശോധിക്കുന്ന കേസില്‍ സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം. ചീഫ് ജസ്റ്റിസ് അടങ്ങിയിട്ടുള്ള സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരാണ് കേസില്‍ വിധി പറയുന്നത്.
ആധാറുമായി ബന്ധപ്പെട്ട കേസില്‍ ഒട്ടനവധി കാര്യങ്ങളാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലുള്ളത്. അതില്‍ പ്രധാനപ്പെട്ടത് :
- പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ ?
- ഒന്നിലേറെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്ന ഇടത്ത് പൗരന്റെ തിരിച്ചറിയല്‍ ഒരൊറ്റ നമ്പറില്‍ അടയാളപ്പെടുത്താനാകുമോ ?
- ആധാര്‍ ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമോ ?
- ആധാര്‍ നിയമം നടപ്പിലാക്കിയത് ശരിയായ മാര്‍ഗത്തിലോ? നിയമം പാസാക്കിയ ശേഷം വരുത്തിയ മാറ്റങ്ങള്‍ ശരിവയ്ക്കാനാകുമോ ?
ആധാര്‍ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ച്

ആധാര്‍ കാര്‍ഡ് വ്യക്തിയുടെ സ്വകാര്യത ലംഘനമാണ് എന്ന് ആരോപിക്കുന്ന ഹര്‍ജികള്‍ കേള്‍ക്കുവാനായി മാത്രം സുപ്രീം കോടതി ചെലവിട്ടത് 38 ദിവസങ്ങളാണ്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മറ്റൊരു വിധിയില്‍ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന കാര്യമാണ് സ്വകാര്യത എന്നായിരുന്നു പരമോന്നത കോടതിയുടെ വിധി.
ദശലക്ഷത്തോളം പൗരന്മാര് ഇതിനോടകം തന്നെ ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഫോണ്‍, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍, ആധാര്‍ സമര്‍പ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഒരാളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കരുത് എന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.