ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനാകില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് കോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബഞ്ചിന്റെയാണ് ഉത്തരവ്.
കേസ് പിന്‍വലിക്കാനുള്ള തീരുമാനം ജനങ്ങളോടും ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനാണ്. പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ലെന്നും കോടതി.
കേസില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയടക്കം ആറ് പ്രതികളാണ് ഉള്ളത്. മുന്‍ മന്ത്രിമാരായ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. നിയമസയിലെ പൊതുമുതല്‍ നശിപ്പിച്ചതിലെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
2015-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം.
ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Also Read: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാവും; യെഡിയൂരപ്പയുടെ വിശ്വസ്തൻ