ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് വിശാല ബഞ്ചിന് വിടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എന്‍.വി.രാമണ്ണ അധ്യക്ഷനായ അഞ്ചംഗ ബഞ്ച് തന്നെ വാദം തുടര്‍ന്നും കേള്‍ക്കും.
1959-ലെ പ്രേം നാഥ് കൗളും ജമ്മു കശ്മീരും, 1970-ലെ സമ്പത് പ്രകാശും ജമ്മു കശ്മീരും എന്നീ കേസുകളിലെ വിധികള്‍ തമ്മില്‍ 370-ാം വകുപ്പിന്റെ സ്വഭാവത്തേയും പരിധിയേയും സംബന്ധിച്ച് അഭിപ്രായ സംഘര്‍ഷം ഉണ്ടാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ വിശാല ബഞ്ചിന്റെ ആവശ്യമില്ല.
Read Also: ഫഹദിനെ പോലെ പ്രിയപ്പെട്ടവൻ; നസ്രിയയുടെ ലോക്കറ്റിലും ഇടം പിടിച്ച് ഒറിയോ
370-ാം വകുപ്പിനെ കുറിച്ച് ഭരണഘടന നിര്‍മ്മാതാക്കള്‍ ഭരണഘടന അസംബ്ലിയില്‍ നടത്തിയ പ്രസംഗങ്ങള്‍ ജനുവരി 23-ന് പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്ട്ടീസിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് സഞ്ജയ് പ്രകാശ് കോടതിയില്‍ വായിച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അടക്കമുള്ള ഭരണഘടനാ ശില്പികള്ക്കുള്ള ലക്ഷ്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതിനായിരുന്നു ഇത്.
ഇന്ത്യയുടേയും ജമ്മു കശ്മീരിന്റേയും ഭരണഘടനകള്‍ പരസ്പരം സമാന്തരമാണെന്ന് ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ സഫര്‍ ഷാ പറഞ്ഞു. 370-ാം വകുപ്പിനെ കുറിച്ച് നേരത്തെ അഞ്ചംഗ ബഞ്ചുകള്‍ രണ്ട് വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ഏഴംഗ ബഞ്ച് പരിഗണിക്കണമെന്ന് രണ്ട് അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു.
Read Also: കുറച്ചുകൂടി നല്ല ചോദ്യങ്ങളുമായി വരൂ; പ്രകോപിതനായി കോഹ്ലി, മാധ്യമപ്രവർത്തകനോട് കയർത്തു
വകുപ്പ് റദ്ദാക്കിയത് സംഭവിച്ചു കഴിഞ്ഞതാണെന്നും അംഗീകരിക്കുക മാത്രമേ വഴിയുള്ളൂവെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. പഴയ രണ്ട് കോടതി വിധികളും പരസ്പര ബന്ധമില്ലെന്നും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് 370-ാം വകുപ്പ് കേന്ദ്രം റദ്ദാക്കിയത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു പ്രമേയത്തിലൂടെ ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ 23 ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്.