ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. വിധിയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യുപി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
Read More: അയോധ്യ കേസ്: രാജ്യം അതീവ സുരക്ഷയിൽ, സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
അയോധ്യ തർക്കം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് മുന്നോടിയായി സംഘർഷങ്ങൾക്ക് സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പൊതു നിർദേശങ്ങളും ഉപദേശങ്ങളും നൽകിയിരുന്നു.
ഉത്തർപ്രദേശിലും മറ്റിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള അശാന്തിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ സംസ്ഥാനങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. വിധിയുടെ സ്വഭാവമനുസരിച്ച് അസംതൃപ്തരായ കക്ഷികൾ ആക്രമണങ്ങൾ അഴിച്ചുവിടാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും കർശന നിർദേശമാണ് ബിജെപി നൽകിയിരിക്കുന്നത്. വിധി പുറപ്പെടുവിച്ച ശേഷം പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ബിജെപി നിർദേശം നൽകി. വിധിപ്രസ്താവത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും പ്രതികരണങ്ങൾ പുറത്തുവരുന്നതുവരെ ആരും പ്രസ്താവന നടത്തരുതെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാൻ പാർട്ടി മേഖലാ യോഗങ്ങൾ നടത്തി.