ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡൽഹിയുടെ തലവനാരെന്ന തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിലപാട് ആംആദ്‌മി പാർട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും അനുകൂലം. ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്ര അധികാരമില്ലെന്ന് ഭൂരിപക്ഷ വിധി. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അഭിപ്രായം തേടിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു.

അതേസമയം പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ഡൽഹി സർക്കാരിന്റെ ആവശ്യം പരമോന്നത കോടതിയിലെ ഭൂരിപക്ഷ ജഡ്‌ജിമാർ തളളി.  മന്ത്രിസഭയും ലഫ്റ്റനന്റ് ഗവർണറും ആരോഗ്യകരമായ ബന്ധം നിലനിർത്തണമെന്ന് പറഞ്ഞ കോടതി ലഫ്റ്റനന്റ് ഗവർണറുടെ പദവി ഗവർണർ പദവിക്ക് തുല്യമല്ലെന്നും ഓർമ്മിപ്പിച്ചു.

ഈ വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വാദം നേരത്തെ പൂർത്തിയായിരുന്നു.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ഡൽഹി സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി.ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും കേസിൽ ഹാജരായിരുന്നു.  വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് വിധി പറയാനായി മാറ്റുകയായിരുന്നു.

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് ലഫ്റ്റനന്റ് ഗവർണർ തീരുമാനങ്ങൾ കൈക്കൊളളുന്നുവെന്നും, ഫയലുകളിൽ അടയിരിക്കുന്നുവെന്നും അനിൽ ബൈജാലിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വിമർശനം ഉന്നയിച്ചിരുന്നു.  പ്രധാനമായും പൊലീസ് സംവിധാനത്തിന്റെ നിയന്ത്രണം ലഫ്റ്റനന്റ് ഗവർണറുടെ അധികാരത്തിന് കീഴിലായതാണ് സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook