scorecardresearch

ജെല്ലിക്കെട്ട് തമിഴ്‌നാട് സംസ്കാരത്തിന്റെ ഭാഗം; അനുമതി നൽകി സുപ്രീം കോടതി

കഴിഞ്ഞ ഒരു നൂറ്റാണ്ടായി തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ തൃപ്തരാണെന്ന് കോടതി

Jallikattu, tamilnadu, ie malayalam
ജെല്ലിക്കെട്ട് (ഫയൽ ചിത്രം)

ന്യൂഡൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാൻ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ വരുത്തിയ ഭേദഗതികൾക്കെതിരെ മൃഗസ്നേഹികൾ നൽകിയ ഹർജികളിലായിരുന്നു ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. സംസ്ഥാന ഭേദഗതികൾ ഭരണഘടനയെയും ജല്ലിക്കെട്ട് നിരോധിച്ച 2014 ലെ സുപ്രീം കോടതി വിധിയെയും ലംഘിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ജെല്ലിക്കെട്ടിന് ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടെന്ന് പറഞ്ഞ കോടതി, ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണോ എന്ന ചോദ്യത്തിലേക്ക് കടക്കാതെ, അതിന് വിശദമായ വിശകലനം ആവശ്യമാണെ പറഞ്ഞു. ”കഴിഞ്ഞ ഒരു നൂറ്റാണ്ടായി തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ തൃപ്തരാണ്. ഇത് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണോ എന്നതിന് വിശദമായ വിശകലനം ആവശ്യമാണ്, അത് ജുഡീഷ്യറിക്ക് ഏറ്റെടുക്കാൻ കഴിയില്ല,” കോടതി പറഞ്ഞു.

ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജുഡീഷ്യറി നിലപാടിന് വിരുദ്ധമാകില്ലെന്നും ബെഞ്ച് പറഞ്ഞു. ജല്ലിക്കെട്ട് സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമല്ലെന്ന 2014ലെ തീരുമാനത്തോട് യോജിപ്പില്ലെന്നും ഇത്തരമൊരു നിഗമനത്തിലെത്താൻ വേണ്ടത്ര തെളിവുകൾ കോടതിയുടെ മുമ്പിലില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി.രവികുമാർ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

2014 ലാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. എന്നാൽ, 2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ജെല്ലിക്കെട്ടിനു അനുമതി നൽകി. ഇതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court upholds laws allowing jallikattu