കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായപരിധി 2022-2023 അധ്യയന വർഷം മുതൽ ആറ് വയസ് ആക്കാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഒരു കൂട്ടം രക്ഷിതാക്കൾ നൽകിയ പരാതിയാണ് ജസ്റ്റിസ് കെ.എസ് കൗൾ അധ്യക്ഷനായ ബഞ്ച് തള്ളിയത്.
ഇതിനെതിരായ ഹർജികൾ ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഏപ്രിൽ 11നും ഡിവിഷൻ ബഞ്ച് ഏപ്രിൽ 13നും തള്ളിയിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 അനുസരിച്ചാണ് തങ്ങളുടെ തീരുമാനമെന്നായിരുന്നു കോടതിയിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ വാദം.
കേസ് പരിഗണിക്കുന്നതിനിടെ, 2020ൽ രൂപീകരിച്ച നയം 21 സംസ്ഥാനങ്ങളിൽ നടപ്പാക്കിയെങ്കിലും ഡൽഹിയിലെ സ്കൂളുകളിൽ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും 2009ലെ ആർ.ടി.ഇ. നിയയമപ്രകാരം രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങൾ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രായപരിധി ആറ് വയസാക്കാനുളള താൽപര്യം മനസിലാക്കാമെന്നും കോടതി പറഞ്ഞു.
ഹർജികൾ തള്ളിയ സുപ്രീംകോടതി ഡൽഹി ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വീക്ഷണത്തോടെ പൂർണമായി യോജിക്കുന്നതായും വ്യക്തമാക്കി.
Also Read: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്