ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്രയും മറ്റു 12 പേരും ഉള്‍പ്പെട്ട ലഖിംപൂര്‍ ഖേരി കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിലവില്‍ ഉദ്ദേശിക്കുന്ന സമയക്രമം വ്യക്തമാക്കണമെന്നു വിചാരണക്കോടതിയോട് സുപ്രീം കോടതി.
പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവത്തില്‍ കൊലപാതകവും അനുബന്ധ കുറ്റങ്ങളുമാണു ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ മൂന്നു കര്‍ഷകനും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ലഖിംപുര്‍ ഖേരി ജില്ലാ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
ചുമതത്തിയിരിക്കുന്ന കുറ്റം ഗുരുതരമാണെന്നു ചൂണ്ടിക്കാട്ടി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. കര്‍ഷകര്‍ക്കുനേരെ ഇടിച്ചുകയറ്റിയതെന്ന് ആരോപിക്കപ്പെടുന്ന എസ് യു വിയിലെ മൂന്നു യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിന്റെ തൽസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുറ്റാരോപിതരും ഇരകളും സമൂഹവും ഉള്‍പ്പെടെ എല്ലാ കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കേണ്ടതുണ്ടെന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
”ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതിക്കും അവകാശമുണ്ടെന്നു കാണണം. നിലവില്‍ കുറ്റപത്രം സമര്‍പ്പിക്കയും കുറ്റം ചുമത്തുകയും ചെയ്തു. ഇരകള്‍ക്കും സാക്ഷികള്‍ക്കും അവരുടെ അവകാശങ്ങളുണ്ട്. സമൂഹത്തിനു പോലും കേസില്‍ താല്‍പ്പര്യമുണ്ട്. കേസില്‍ എല്ലാ അവകാശങ്ങളും സന്തുലിതമാക്കേണ്ടതുണ്ട്,” ബഞ്ച് പറഞ്ഞു.
കാറിലുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ട കേസ് പരിഗണിക്കുന്ന അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയോട് കുറ്റം ചുമത്തുന്നതിലെ അഭികാമ്യത പരിഗണിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ജനുവരി 11ലേക്കു മാറ്റി.
കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പ്രതികള്‍ക്കെതിരെ വിചാരണക്കോടതി ഡിസംബര്‍ ആറിനു കുറ്റം ചുമത്തിയിരുന്നു. 2021 ഒക്ടോബര്‍ മൂന്നിനുണ്ടായ സംഭവത്തില്‍ കൊലപാതകം, കൊലപാതകശ്രമം, അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, കലാപം തുടങ്ങിയ കുറ്റങ്ങളുമാണു ചുമത്തിയിരിക്കുന്നത്.
വീരേന്ദ്രകുമാര്‍ ശുക്ല, അങ്കിത് ദാസ് എന്നിവരെ കൂടാതെ നന്ദന് ദാസ് ഭിസ്ട്, സത്യം ത്രിപാഠി എന്ന സത്യപ്രകാശ് ത്രിപാഠി, ലത്തീഫ് എന്ന കല്ലേ, ശേഖര്‍ ഭാരതി, സുമിത് ജയ്സ്വാള്‍, ആശിഷ് പാണ്ഡെ, ലുവ്കുശ്, ശിശുപാല്‍, ഉല്ലാസ് കുമാര്‍ ത്രിവേദി എന്ന മോഹിത്കു ത്രിവേദി, റിങ്കു റാണ, ധര്‍മേന്ദ്ര കുമാര്‍ ബഞ്ചാര എന്നിവരാണു മറ്റു പ്രതികള്‍. 13 പ്രതികളും നിലവില്‍ ജയിലിലാണ്.