ന്യൂഡൽഹി: ഹാഥ്റസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കാന്‍ സുപ്രീം കോടതി ഉത്തരവ്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നി‍ർദേശിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു.

Read More: ഹാഥ്‌റസ് കൂട്ടബലാത്സംഗം: യുപി പൊലീസ് വാദങ്ങളെ എതിര്‍ത്ത ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി

അന്വേഷണം പൂ‍ർത്തിയായ ശേഷം കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹാബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിൻ്റേയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്റ‍റൽ ജനറൽ തുഷാ‍ർ മേത്ത സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്നും നീക്കണമെന്നും സുപ്രീംകോടതി നി‍ർദേശിച്ചു.

സംഭവത്തിൽ​ സിബിഐ സ്ഥലം സന്ദർശിക്കുകയും യുവതിയുടെ കുടുംബത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്‌കരിച്ച സ്ഥലവും സിബിഐ സംഘം സന്ദർശിച്ചു. 45 മിനിറ്റോളം സംഭവസ്ഥലത്ത് ചിലവഴിച്ചതായും വീഡിയോ റെക്കോർഡിംഗുകൾ നടത്തിയതായും സിബിഐ സംഘം അറിയിച്ചിരുന്നു. “നിർബന്ധിത ശവസംസ്കാരവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണ വിഷയമാണ്,” ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

സെപ്റ്റംബർ 14 നാണ് യുവതി ബലാത്സംഗത്തിനിരയായത്. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി രണ്ടാഴ്ചയോളം ചികിത്സയിൽ തുടർന്ന ശേഷമാണ് മരിച്ചത്.

പ്രതികളായ സന്ദീപ് (20), അമ്മാവൻ രവി (35), സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവർക്കെതിരെയാണ് കൊലപാതകം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി / എസ്ടി നിയമം പ്രകാരവും കേസെടുത്തിരുന്നത്. കേസിൽ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ട് പ്രതികൾ ഹാഥ്റസ് പൊലീസ് സൂപ്രണ്ടിന് കത്തയച്ചിരുന്നു. സംഭവം നടന്ന സെപ്റ്റംബർ 14 ന് യുവതിയെ സഹോദരനും അമ്മയും മർദ്ദിച്ചതെന്നും അവർ ഹാഥ്റസ് പോലീസ് സൂപ്രണ്ടിന് എഴുതിയ കത്തിൽ ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook