ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നടപടികളുടെ തത്സമയ സംപ്രേഷണം ഇന്നു മുതല്‍. സുപ്രീം കോടതിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായ webcast.gov.in/scindia വഴി ലൈവ് സ്ട്രീമിങ് ലഭ്യമാകും.
ഇന്നലെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ലൈവ് സ്ട്രീമിങ് വിജയകരമായിരുന്നു. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
ചരിത്രത്തിലാദ്യമായാണ് കോടതിയിലെ വിചാരണകൾ പൊതുജനങ്ങൾക്കായി തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ആഗസ്റ്റ് 26-ന്, മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ച ദിവസത്തിലെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
തത്സമയ സംപ്രേക്ഷണത്തിനായി സുപ്രീം കോടതിക്ക് സ്വന്തമായി പ്ലാറ്റ്‌ഫോം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് തിങ്കളാഴ്ച രാവിലെ ഒരു അഭിഭാഷകനോട് വ്യക്തമാക്കിയിരുന്നു. യുട്യൂബിൽ തത്സമയ സംപ്രേക്ഷണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നടപടികളുടെ പകർപ്പവകാശം ഉറപ്പാക്കണമെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണം ചോദ്യം ചെയ്തുള്ള ഹർജികൾ, ശിവസേനയിലെ ഭിന്നതയെ തുടർന്നുള്ള മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്നുള്ള ഹർജികൾ, അഖിലേന്ത്യാ ബാർ പരീക്ഷയുടെ സാധുതയുമായി ബന്ധപ്പെട്ട ഒരു കേസ് എന്നിവയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത്, ചീഫ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് കെ കൗൾ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് ഭരണഘടനാ ബഞ്ചുകൾ വാദം കേള്‍ക്കും.