ന്യൂഡൽഹി: മരട് ഫ്ലാറ്റ് ഉടമകളുടെ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം വാക്കാൽ അംഗീകരിച്ചത്. ഉചിതമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചില ഫ്ലാറ്റ് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പുരോഗതി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് 27.99 കോടി രൂപ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകിയെന്നും 33.51 കോടി രൂപ കൂടി അധികം വൈകാതെ നൽകുമെന്നും സക്കാർ കോടതിയെ ബോധ്യപ്പെടുത്തി.

ഇതിന് കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടപ്പോൾ, ഇക്കാര്യം കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിക്കു മുൻപാകെ ഉന്നയിക്കാൻ സുപ്രീം കോടതി അനുമതി നൽകി. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റിയാണ് ഉടമകൾക്കുളള നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്.

Read Also: മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് കമ്പനികൾക്ക് കൈമാറും; ദൗത്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുൾപ്പെടെയുള്ള സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പൂർണമായും പാലിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

എറണാകുളം മരട് നഗരസഭയിലെ അഞ്ചു അപ്പാർട്മെന്റുകൾ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook