ന്യൂല്‍ഹി: ഗ്യാന്‍വാപി പള്ളി കേസില്‍ വാരാണസി കോടതിയുടെ ഉത്തരവുകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹര്‍ജി പരിഗണിക്കുമെന്നാണ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അറിയിച്ചിരിക്കുന്നത്. ഹിന്ദു പക്ഷത്തിനായി വാരണാസി കോടതിയില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരി ശങ്കര്‍ ജയിന്‍ അസുഖബാധിതനായതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
വാസു ഖാനയ്ക്ക് സമീപമുള്ള മതിൽ പൊളിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട് എന്നതുമാത്രമാണ് തന്റെ ആശങ്കയെന്ന് വാരണാസിയിലെ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദിന്റെ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി ജസ്റ്റിസ് പി. എസ്. നരസിംഹ അടങ്ങുന്ന ബെഞ്ചിനോട് പറഞ്ഞു. വാദം കേള്‍ക്കുന്നത് മാറ്റിവച്ചതിനാല്‍ നടപടികള്‍ തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ‘ശിവലിംഗം’ എവിടെയെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഗ്യാന്‍വാപി സര്‍വെയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. വാരണാസി കോടതി ഉത്തരവ് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
മുസ്ലീങ്ങളുടെ പ്രവേശനത്തിനും ആരാധനയ്ക്കും ഉള്ള അവകാശത്തെ ബാധിക്കാതെ ശിവലിംഗം സംരക്ഷിക്കപ്പെടണമെന്നും ഇത് വാരണാസി ജില്ലാ മഡിസ്ട്രേറ്റ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പള്ളിക്കമ്മിറ്റിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചു.
അതേസമയം, വാരണാസി കോടതി സര്‍വെ കമ്മിഷണര്‍ അജയ് കുമാര്‍ മിശ്രയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് എന്നിവയുടെ ചിത്രീകരണത്തിന്റെയും സർവേയുടെയും ചുമതല മിശ്രയ്ക്കായിരുന്നു.
ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ‘ശിവലിംഗം’ കണ്ടെത്തിയ സ്ഥലം ഉടന്‍ മുദ്രവയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ട് വാരണാസി കോടതി നിര്‍ദേശിച്ചിരുന്നു. അടച്ചുപൂട്ടിയ മുറിയില്‍ ആരെങ്കിലും പ്രവേശിക്കുന്നതും കോടതി വിലക്കി. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന്റെ വീഡിയോഗ്രാഫിക് സര്‍വേ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളിലാണ് കോടതി ഇടപെടലുണ്ടായത്.
Also Read: ‘ചുഴലിക്കാറ്റുള്ള കടലിലെ കഠിനമായ യാത്രയില്‍ അമ്മയായിരുന്നു പ്രതീക്ഷ…’; പേരറിവാളന്‍ എഴുതുന്നു