ന്യൂഡല്‍ഹി: രാമജന്മഭൂമി – ബാബ്റി മസ്ജിദ് തര്‍ക്കഭൂമി കേസ് ആഗസ്റ്റ് 15 ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് സുപ്രീം കോടതി. മധ്യസ്ഥ സമിതി ചര്‍ച്ചകള്‍ക്കായി സമയം നീട്ടി നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. ആഗസ്റ്റ് 15 വരെ മൂന്നംഗ മധ്യസ്ഥ സമിതിക്ക് ചര്‍ച്ചകളുമായി മുന്നോട്ടുപോകാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചാംഗ ഭരണഘടനാ ബഞ്ചാണ് സമയം നീട്ടി നല്‍കിയത്. അതേസമയം, മൂന്നാംഗ മധ്യസ്ഥ സമിതിയില്‍ വിശ്വാസമുണ്ടെന്നും ചര്‍ച്ചകളോട് സഹകരിക്കുന്നുണ്ടെന്നും ഹിന്ദു – മുസ്ലീം സംഘടനകള്‍ കോടതിയെ അറിയിച്ചു.
ചർച്ചകളിൽ മൂന്നംഗ സമിതിക്ക് ശുഭാപ്തി വിശ്വാസമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് സമയം നീട്ടി നൽകി കൂടാ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സമയം നീട്ടി നൽകുന്നതിൽ എന്താണ് തെറ്റുള്ളതെന്ന് കോടതി ചോദിച്ചു. ഇത് വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണെന്നും അതിനാൽ എന്തുകൊണ്ട് അധിക സമയം അനുവദിച്ചുകൂടാ എന്നും കോടതി വാദത്തിനിടെ ചോദിച്ചു. ചർച്ചകളിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് മധ്യസ്ഥ സമിതിയും കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. മാര്‍ച്ച് എട്ടിന് സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിക്കാന്‍ നേരത്തെ തീരുമാനമായത്.
സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ളയുടെ മേല്‍നോട്ടത്തിലായിരുന്നു മധ്യസ്ഥ സമിതി പ്രവര്‍ത്തിച്ചിരുന്നത്. മുൻ ജഡ്ജി ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് മറ്റു അംഗങ്ങൾ. എട്ട് ആഴ്ചയ്ക്കുള്ളില്‍ കക്ഷികളുമായി സംസാരിച്ച് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മാര്‍ച്ച് എട്ടിന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മധ്യസ്ഥ ചർച്ചയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
ഭൂമിതര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിലപാട്. അതിൽ കക്ഷികള്‍ക്ക് മധ്യസ്ഥരെ നിർദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥ ചര്‍ച്ചയ്ക്കായുള്ള പാനല്‍ നിർദേശിച്ചിരുന്നു.
Read More: ‘ഒന്നര ലക്ഷം കര്‍സേവകര്‍, 2300 കോണ്‍സ്റ്റബിളുമാര്‍, ഒരൊറ്റ പളളി’: ബാബറി മസ്ജിദ് നിലംപൊത്തിയത് ഇങ്ങനെ
അതേസമയം, മധ്യസ്ഥരെ നിയോഗിക്കണമെന്ന സുപ്രീം കോടതി നിലപാടില്‍ ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
വിശ്വാസവും ആചാരവും സംബന്ധിച്ച വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നാണ് കേസില്‍ കക്ഷിയായ രാംലല്ല കോടതിയില്‍ വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെങ്കിലേ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടാവൂ എന്ന നിലപാടായിരുന്നു യുപി സര്‍ക്കാരും സ്വീകരിച്ചിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കാമെന്ന നിലപാടായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റേത്.