ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്. ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.

ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കിയാൽ ശബരിമലയെ മാത്രമല്ല മുഴുവൻ ക്ഷേത്രങ്ങളെയും അത് ബാധിക്കും.

പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയിൽ ഉന്നയിച്ച പ്രധാന വാദം.

ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്ന് വാദത്തിനിടെ സുപ്രീം കോടതിയും പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ എല്ലാവർക്കും പോകാം. ശബരിമലയിൽ എന്തുകൊണ്ടാണ് യുവതികൾക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook