ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന്  സുപ്രീം കോടതി  വിധി. വിധി അംഗീകരികരിക്കുമെന്ന് തന്ത്രി കുടുംബം അറിയിച്ചു. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്‌ജിമാരിൽ നാലുപേരും ശബരിമലയിലെ  സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദുമൽഹോത്രമാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിർത്ത്.   ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.

സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം. സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ. ശാരീരികാവസ്ഥയുടെ പേരിൽ വിവേചനം പാടില്ലെന്നും കോടതിയുടെ നിരീക്ഷണം.വിശ്വാസ്യതയിൽ​ തുല്യതയാണെന്ന് വേണ്ടതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

വിധി നിരാശാജനകമാണെന്ന് തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാഗം ശശിവർമ്മയും  അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.   ഏറ്റവും സുപ്രധാനമായ വിധിയാണിതെന്ന്  മുൻ ദേവസ്വം  മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു.

sabarimala sumagali pooja

ശബരിമല സുമംഗലി പൂജ

ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കുന്നതോടെ  ശബരിമലയെ മാത്രമല്ല മുഴുവൻ ക്ഷേത്രങ്ങൾക്കും ഈ ഉത്തരവ്  ബാധകമാകാം.

കേസിന്റെ വിചാരണയിൽ ചൂടേറിയ വാദപ്രതിഭാഗങ്ങളാണ് സുപ്രീം കോടതിയിൽ നടന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയിൽ ഉന്നയിച്ച പ്രധാന വാദം.

ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വാദിച്ചത്. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച ദേവസ്വം ബോർഡ് കോടതിയിൽ ഇതിനെ എതിർത്തു. ശബരിമലയിലെ എല്ലാ പ്രായത്തിലുമുളള സ്ത്രീകളുടെ പ്രവേശനം ക്ഷേത്ര ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്. 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാൻ ശാരീരികമായി സ്ത്രീകൾക്ക് ആകില്ലെന്നും സ്ത്രീകൾക്ക് പോകാവുന്ന മറ്റ് നിരവധി അയ്യപ്പ ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും ദേവസ്വം ബോർഡ് വാദിച്ചു.

ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും ഇത് ഹിന്ദു വിശ്വാസത്തിലെ അഭിഭാജ്യ ഘടകമാണെന്നുമായിരുന്നു ദേവസ്വം തന്ത്രിയുടെ വാദം. വർഷങ്ങളായി തുടരുന്ന ആചാരത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. 60 വർഷമായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്നുവയ്ക്കാൻ സാധിക്കില്ലെന്നായിരുന്നു എൻഎസ്എസ് വാദിച്ചത്.

ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നായിരുന്നു വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞത്. ക്ഷേത്രത്തിൽ എല്ലാവർക്കും പോകാം. ശബരിമലയിൽ എന്തുകൊണ്ടാണ് യുവതികൾക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

Sabarimala Verdict Supreme Court LIVE updates:

1.20PM: ശബരിമല കേസിൽ കോടതി വിധി ചരിത്രപരമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ വിഷയത്തിൽ​ എൽ ഡി എഫിനും അനുകൂല നിലപാടാണ്. കോടതി വിധി പ്രായോഗികമായി നടപ്പാക്കാൻ ആവശ്യമുളള കാര്യങ്ങൾ ആലോചിച്ച്  ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

12.53 PM: വിധി വിശദമായി വായിക്കാതെ പ്രതികരിക്കാനികില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം

12.51 PM: കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് വനിതാകമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായ തുല്യതയുളളപ്പോൾ എന്തിനാണ് മതത്തിന്റെ പേരിൽ അതില്ലാതാക്കുന്നതെന്ന് അദ്ദേഹം പറയുന്നു

12.50 വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഭൃന്ദകാരാട്ട് പറഞ്ഞു.

12.48PM: നിരാശജനകമായ വിധിയെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. ആചാരങ്ങൾ കൂടെ കോടതി പരിഗണിക്കണമായിരുന്നു. ഈ വിധി വലിയ മാറ്റമാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

12.39PM: ശബരി മല കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടു. ആരാധനയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കുമുളള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞത് മികച്ച വിധിയാണെന്നും അദ്ദേഹം.

12.30 PM: പുനപരിശോധനാ ഹർജി നൽകുമെന്ന് അഭിഭാഷകനായ വി കെ ബിജു

12.00PM: വിധിയുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ

11.55AM: ഭരണകൂടം കിട്ടുന്ന അവസരത്തെ മുതലെടുക്കരുതെന്ന് ബി ജെ പി പ്രസിഡന്റ് പി എസ് ശ്രീധരൻപിളള പറഞ്ഞു.  വിശ്വാസികളെയും  അല്ലാത്തവരെയും കണക്കിലെടുത്ത് വിധി നടപ്പാക്കണമെന്നും  ബിജെ പി.

11.46AM: സുപ്രീം കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വിധി പൂർണമായി പഠിച്ചശേഷം മാത്രമേ കൂടുതൽ​ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

11.41AM: അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണ് ഈ വിധിയെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

Trupti Desai sabarimala supreme court verdict

തൃപ്തി ദേശായി

11.38AM: ഉടൻ തന്നെ തീയതി തീരുമാനിച്ച് ശബരിമലയിൽ​ പോകുമെന്ന് തൃപ്തിദേശായി

11:35AM: വിധി പഠിച്ച​ശേഷം പ്രതികരിക്കാമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിളള അഭിപ്രായപ്പെട്ടു. ആരും ഈ വിഷത്തിൽ​ പ്രകോപനം സൃഷ്ടിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

11.30AM: സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും പുനഃപരിശോധന ഹർജി നൽകണമോ എന്നതിനെ കുറിച്ച് പരിശോധിക്കുമെന്നും ദേവസ്വം പ്രസിഡന്റ്.

11.27AM: കേരളാ ഹിന്ദു പൊതു ആരാധനാലയചട്ടം 3 (ബി) കോടതി റദ്ദാക്കി.

11.26 AM:  ദൈവത്തിന് മുന്നിൽ രണ്ട് തരത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും കോടതി. സ്ത്രീകളെ മാറ്റിനിർത്തുന്നത് ഒരുതരത്തിലുളള തൊട്ടുകൂടായ്മയെന്നും നിരീക്ഷിച്ചു.

11.25AM: അയ്യപ്പഭക്തർ പ്രത്യേക ഗണമല്ലെന്നും  കോടതി.

11.21AM: ആഴത്തിലുളള വിശ്വാസങ്ങളിൽ കോടതി ഇടപെടേണ്ടതില്ലെന്ന് ജഡ്ജി ഇന്ദുമൽഹോത്രയുടെ വിയോജന വിധി

11.18AM: ആചാരങ്ങൾ നിയമവിരുദ്ധമായാൽ കോടതിക്ക് ഇടപെടാനുളള അവകാശം ഉണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഈ വിധിയെന്ന്  മുൻ എം പിയായ പി.സതീദേവി അഭിപ്രായപ്പെട്ടു.

11.15AM: ദൈവം തന്ന വിധിയെന്ന് കർണാടക വനിതാ ശിശുക്ഷേമ വികസന  മന്ത്രിയും മുൻ നടിയുമായ  ജയമാല. ഞാൻ ദൈവത്തിലും നിയമത്തിലും വിശ്വാസിക്കുന്നു. വിധിയിൽ സന്തോഷമുണ്ടെന്നും ജയമാല ജയമാലയുടെ ശബരിമല സന്ദർശനമാണ് ഈ കേസിലേയ്ക്ക് നയിച്ചത്.

karnataka minister and actress jayamala in sabarimala supreme court judgement

കർണാടക മന്ത്രി ജയമാല

11.11AM: രണ്ടാം തരം സമീപനം സ്ത്രീകളുടെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടുന്നതാണ്. സ്ത്രീ പുരുഷനെക്കാൾ താഴെയല്ല. മതങ്ങളുടെ ആണധികാര പ്രവണത വിശ്വാസത്തിന് മേലെ പോകുന്നത് അനുവദിക്കാനാവില്ല. ജൈവീകമായതോ ശാരീരികമായതോ ആയ കാരണങ്ങൾ വിശ്വാസത്തിനുളള സ്വാതന്ത്ര്യത്തിന് വേണ്ടി അംഗീകരിക്കാൻ സാധിക്കില്ല. മതം അടിസ്ഥാനപരമായി ജീവിതരീതിയാണ്. ചില ആചാരങ്ങൾ യോജിക്കാൻ സാധിക്കാത്തതാണ് എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തിൽ പറഞ്ഞു

11.09 AM: വിധി എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വംബോർഡ് തീരുമാനിക്കുമെന്ന്  ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നു സ്ത്രീകൾക്ക് സുരക്ഷിതമായി മല ചവിട്ടാനുളള സംവിധാനം ഉണ്ടാകുമെന്നും  അദ്ദേഹം പറയുന്നു.

11.06AM: വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി അഭിപ്രായപ്പെട്ടു.

11.05AM: കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

sabarimala thanthri kandararu rajeevararu supreme court verdict

ശബരിമല തന്ത്രി കണ്ഠരര് രാജീവരര്

11.00AM: വിധി നിരാശജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാംഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി ബഹുമാനിക്കുന്നുവെന്നും  അംഗീകരിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.

10.55 Am: മതത്തിന്റെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുതെന്ന് കോടതി

1050Am: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. നാല് ജഡ്ജിമാർക്ക് ഏകാഭിപ്രായം ഏക വനിതാ ജഡ്ജി ഇന്ദുമൽഹോത്രയ്ക്ക് ഭിന്നാഭിപ്രായം

10.45 am: ശഭരിമല കേസിൽ വിധി പ്രസ്താവം തുടങ്ങി

10.18 am: ശബരിമലയിലെ സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതിയുടെ ചരിത്ര വിധി അൽപസമയത്തിനകം

9.45 am: കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ്. ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്നും ഇക്കാര്യത്തിൽ ദേവഹിതം കാര്യമില്ലെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

9.30 am: ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്

9.15 am: ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

9.05 am: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ നാലു വിധികളാണ് ഉണ്ടാവുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ചേർന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാൻ ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധികളുമാകും ഉണ്ടാവുക.

8.55 am: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്

8.45 am: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ 10.30 ന് സുപ്രീം കോടതി വിധി പറയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook