ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി’ സിനിമയുടെ റിലീസിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പരിഗണിക്കുന്നതില്‍ വിസമ്മതം അറിയിച്ച് സുപ്രീം കോടതി. ഇടക്കാല ഹര്‍ജിയിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നത് ഉചിതമായ പ്രതിവിധിയല്ലെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
വിദ്വേഷ പ്രസംഗ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച തീര്‍പ്പാക്കാത്ത റിട്ട് ഹര്‍ജിയിലാണ് ഇടക്കാല അപേക്ഷ (ഐഎ) സമര്‍പ്പിച്ചിരിക്കുന്നത്. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സിനിമ ‘വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും മോശമായ ഉദാഹരണമാണ്’ എന്നും ചിത്രത്തിന്റെ ‘ഓഡിയോ – വിഷ്വല്‍ വിദ്വേഷ പ്രചരണം’ ആണെന്നും ആരോപിക്കുന്നു.
എന്നാല്‍ വിഷയത്തില്‍ എന്തുകൊണ്ടാണ് ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്ന് ചോദിച്ച ബെഞ്ച്, എല്ലാ വിഷയങ്ങളും സുപ്രീം കോടതിയില്‍ നിന്ന് ആരംഭിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും വാദത്തില്‍ പങ്കെടുത്തു. ചിത്രത്തിന്റെ ടീസറിന്റെയും ട്രെയിലറിന്റെയും ട്രാന്‍സ്‌ക്രിപ്റ്റ് വായിക്കാന്‍ ബെഞ്ചിനോട് കബില്‍ സിബല്‍ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ ട്രെയിലറിന് ഇതിനകം 16 ദശലക്ഷം കാഴചക്കാരെ നേടിയിട്ടുണ്ടെന്നും ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പറഞ്ഞു.
എന്നാല്‍ ഇടക്കാല അപേക്ഷ പരിഗണിക്കുന്നതില്‍ ബെഞ്ച് വീണ്ടും ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു. ഒരു സിനിമയ്ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സാക്ഷ്യപത്രം ലഭിച്ചുകഴിഞ്ഞാല്‍, സര്‍ട്ടിഫിക്കേഷനെ ചോദ്യം ചെയ്യാതെ കാര്യമായ ഹര്‍ജിയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു.
ഇടക്കാല അപേക്ഷ പ്രധാമായ ഹര്‍ജിയിലായിരിക്കണം. അത് മനസ്സിലാക്കുന്നു, സിനിമയുടെ റിലീസിന് മുമ്പുള്ള പരിമിതമായ സമയം കണക്കിലെടുത്താണ് ഇപ്പോഴത്തെ മാര്‍ഗം സ്വീകരിച്ചതെന്ന് കബില്‍ സിബല്‍ പറഞ്ഞു. നാളെ വിശദമായ ഹര്‍ജി നല്‍കുമെന്നും ചീഫ് ജസ്റ്റിസിന് മുമ്പാകെ അടിയന്തര ലിസ്റ്റിംഗിന് അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.
2018-2019 കാലയളവില്‍ ഇസ്ലാമിലേക്ക് മതം മാറുകയും തുടര്‍ന്ന് ഐസിസില്‍ ചേരുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള ഹിന്ദു പെണ്‍കുട്ടികളെക്കുറിച്ചുള്ളതാണ് സിനിമ. ഇത്തരത്തില്‍ ഏകദേശം 32,000 സ്ത്രീകളെ കേരളത്തില്‍ നിന്ന് കാണാതായിട്ടുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള തീവ്രവാദ ദൗത്യങ്ങളില്‍ ഇവര്‍ ഭാഗമായിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ചുള്ള ഒരന്വേഷണമാണ് സിനിമ. സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നതിനു പിന്നാലെ കേരളത്തിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫാത്തിമ എന്ന പേര് സ്വീകരിച്ച് മതം മാറുന്ന ശാലിനി ഉണ്ണികൃഷ്ണനായി അദാ ശര്‍മ്മ അഭിനയിക്കുന്നു.