ന്യൂഡൽഹി: കോടതി ഉത്തരവനുസരിച്ച് അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനിടെ ഹിമാചൽ പ്രദേശിലെ കസൗലിയിൽ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. അനുയോജ്യ ബെഞ്ചിലേക്ക് വിടുന്നതിനായി കേസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മുമ്പിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

ജസ്റ്റിസ് മദൻ ബി.ലോക്കുറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് വിഷയത്തെ ‘അതീവ ഗുരുതരം’ എന്നു ആരോപിച്ചതിനൊപ്പം ഷെയ്ൽ ബാലയെ വെടിവെച്ചു കൊലപ്പെടുത്തിയ നാരായണ ഗസ്റ്റ് ഹൗസ് ഉടമസ്ഥൻ വിജയ് താക്കൂറിന്റെ പ്രവൃത്തി കോടതി വിധിക്കെതിരെയുള്ള അവഗണന ആണെന്നും സൂചിപ്പിച്ചു. കസൗലിയിൽ കോടതി ഉത്തരവ് നടപ്പിലാക്കാൻ വന്നതാണ് ഷെയ്‌ൽ ബാല ശർമ്മ എന്ന് നിരീക്ഷിച്ച ബെഞ്ച്, ഇത്തരത്തിൽ ആളുകളെ കൊലപ്പെടുത്തുകയാണെങ്കിൽ പുതിയ ഉത്തരവുകൾ പ്രഖ്യാപിക്കുക പോലും ചെയ്യില്ലെന്ന് പറഞ്ഞു. ദീപക് മിശ്രയോട് വിഷയം നാളെ തന്നെ പരിഗണിക്കണമെന്ന് ബെഞ്ച് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത കെട്ടിടം പൊളിച്ചു മാറ്റുന്നത് സംബന്ധിച്ചു നടന്ന വാക്കു തർക്കത്തിനൊടുവിൽ താക്കൂർ, ഷെയ്‌ലയെ പിന്തുടർന്ന് ചെന്നു കൊലപ്പെടുത്തുകയായിരുന്നു. ഷെയ്‌‌ലയ്ക്കുനേരെ മൂന്നു തവണ ഇയാൾ വെടിവച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഷെയ്‌ലയെ ഉടനെ തന്നെ ധർമപുർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ മരിച്ചിരുന്നു. ഒളിവിലായ പ്രതിയെ പറ്റിയുള്ള വിവരങ്ങൾ അറിയിക്കുന്നവർക്കു ഒരു ലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കെട്ടിടം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി റൂമുകൾ ഒഴിപ്പിച്ചുകൊണ്ടിരുന്ന പബ്ലിക് വർക്ക് ഡിപ്പാർട്മെന്റിലെ ഗുലാബ് സിങ്ങിനും വെടിവയ്‌പിൽ പരുക്കേറ്റിട്ടുണ്ട്. ഗുലാബ് സിങ് ഇപ്പോൾ ചണ്ഡീഗഡിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഡിജിപി സീത റാം മർദി സംഭവസ്ഥലം സന്ദർശിച്ചതായി അധികാരികൾ അറിയിച്ചു.

ദൃക്‌സാക്ഷികളിൽ ഒരാളും പർവനോ റേഞ്ച് ഓഫീസറുമായ ശിവൻഡർ പാൽ സിങ് പറഞ്ഞതനുസരിച്ചു ഷെയ്‌ലയും മറ്റു അധികാരികളും അനധികൃത കെട്ടിടം ഒഴിപ്പിക്കുന്നതിനായി പ്രവേശിച്ചപ്പോഴാണ് താക്കൂർ വെടിവച്ചത്. “രണ്ടു തവണ പ്രതി ഹോട്ടലിനു ഉള്ളിലേക്ക് വെടിവച്ചു. പിഡബ്ല്യുഡി എൻജിനീയർമാരിൽ ഒരാൾക്ക് വെടിയേറ്റപ്പോൾ സ്വയരക്ഷയ്ക്കായി ഞങ്ങൾ എല്ലാം പുറത്തേക്കു ഓടി. പ്രതി ഞങ്ങളെ പുറകെ പിന്തുടർന്ന് വീണ്ടുും വെടിയുതിർത്തപ്പോൾ അത് ഷെയ്‌ലയുടെ ശരീരത്തിൽ കൊണ്ടു. ഉടനെ തന്നെ ഷെയ്‌ല നിലത്തേക്ക് വീണു”സിങ് പറഞ്ഞു.

2011ലാണ് താക്കൂർ ആയുധ ലൈസൻസ് നേടിയതെന്നും സ്വന്തമായി ഒരു റിവോൾവർ ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ