ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ പൊളിക്കൽ നടപടിക്കെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രവാചകനെതിരായ വിവാദ പരാമർശങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ നടക്കുന്ന പൊളിക്കൽ നടപടിക്കെതിരെ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് നൽകിയ ഹർജിയാണ് പരിഗണിക്കുക. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വിക്രം നാഥ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഈ മാസമാദ്യം പ്രക്ഷോഭമുണ്ടായ കാൺപൂർ ജില്ലയിൽ അധികൃതർ നടത്താൻ പദ്ധതിയിട്ടേക്കാവുന്ന തുടർ പൊളിക്കൽ നടപടികൾ നിർത്തിവെക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
ജൂൺ 12 ന്, പ്രയാഗ്രാജ് ജില്ലാ ഭരണകൂടം കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകൻ മുഹമ്മദ് ജാവേദിന്റെ വീട് പൊളിച്ചു നീക്കിയിരുന്നു. പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ജില്ലയിൽ ഉണ്ടായ ആക്രമങ്ങളുടെ പ്രധാന ആസൂത്രകരിൽ ഒരാളാണ് മുഹമ്മദ് ജാവേദ് എന്നാണ് പൊലീസ് പറയുന്നത്.
കേസിൽ പ്രതികളായ 37 പേരുടെ പ്രാഥമിക പട്ടിക പൊലീസ് പ്രയാഗ്രാജ് ജില്ലാ വികസന അതോറിറ്റിക്ക് (പിഡിഎ) കൈമാറിയിട്ടുണ്ട്.
ഡൽഹി ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടികളുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.
ജഹാംഗീർപുരി വിഷയത്തിൽ, രാജ്യത്തുടനീളമുള്ള അനധികൃത പൊളിക്കൽ നടപടികൾ നിർത്തിവെക്കുന്നത് സംബന്ധിച്ച് ഉത്തരവിടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
കാൺപൂരിലെ ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കപ്പെടുന്നവരുടെ / പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പൊളിക്കുമെന്നും അധികൃതർ മാധ്യമങ്ങളിലൂടെ പറഞ്ഞതായി ജാമിയത്ത് നൽകിയ ഹർജിയിൽ പറയുന്നു.
പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി വരെ പറഞ്ഞിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ (ക്രമസമാധാനം), പ്രശാന്ത് കുമാർ, കാൺപൂർ പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ എന്നിവരും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പൊളിക്കുമെന്നും ആവർത്തിച്ചു.
കാൺപൂർ ജില്ലയിലെ പൊളിക്കൽ നടപടികൾ നിയമാനുസൃതമായി നടത്താൻ സർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പൊളിക്കുന്നതിന് മുൻപ് അറിയിപ്പ് നൽകാനും അവരെ കേൾക്കാനും തയ്യാറാകണമെന്നും ഹർജിയിൽ പറയുന്നു.
ബി.ജെ.പി വക്താക്കളായ നൂപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പരാമർശങ്ങൾക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഒമ്പത് ജില്ലകളിൽ നിന്നായി 350-ഓളം പേരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.