ന്യൂഡല്‍ഹി: സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് പുനഃസ്ഥാപിച്ച ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു പുനഃസ്ഥാപിക്കാന്‍ നവംബര്‍ 19നാണു ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ നാലാഴ്ച ടാറ്റ സണ്‍സിനു ടിബ്യൂണല്‍ അനുവദിച്ചിരുന്നു. തീരുമാനത്തില്‍ പിഴവുണ്ടെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം, ടാറ്റ സണ്‍സിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നാണു സൈറസ് മിസ്ത്രിയുടെ നിലപാട്.
Read Also: ടാറ്റ ഗ്രൂപ്പിനു തിരിച്ചടി; സൈറസ് മിസ്ത്രിയെ പുറത്താക്കിയ നടപടി ട്രിബ്യൂണല്‍ റദ്ദാക്കി
ടാറ്റ ഗ്രൂപ്പിന്റെ ആറാമത് എക്‌സിക്യുട്ടീവ് ചെയര്‍മാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിലാണു തല്‍സ്ഥാനത്തുനിന്നു പുറത്താക്കിയത്. തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേറ്റു. അധികം വൈകാതെ എന്‍.ചന്ദ്രശേഖരനെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ട്രിബ്യൂണല്‍ വിധി.
2012ല്‍ രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോഴാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തെ ത്തുന്നത്. ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ ഉടമയും ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പല്ലോണ്‍ജി മിസ്ട്രിയുടെ മകനാണു സൈറസ് മിസ്ത്രി.
Read Also: സൈറസ് മിസ്ത്രി: ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ടാറ്റ സണ്‍സ് സുപ്രീകോടതിയില്‍
ബിസിനസ് രീതികളില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചതാണു മിസ്ത്രിയും രത്തന്‍ ടാറ്റയും തമ്മിലുള്ള അകല്‍ച്ചയ്ക്കും ഒടുവില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാപനത്തുനിന്നുള്ള പുറത്താകലിനും വഴിവച്ചത്.
ടാറ്റാ സണ്‍സ് കമ്പനി ചട്ടത്തിനുവിരുദ്ധമായാണു സൈറസ് മിസ്ത്രിയെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയതെന്നു സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ജനുവരിയില്‍ ട്രിബ്യൂണലിനെ ബോധിപ്പിച്ചിരുന്നു. ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ നിക്ഷേപ സ്ഥാപനമാണു സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്.