ന്യൂഡൽഹി: കത്തുവ കൂട്ടബലാത്സംഗ കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. മെയ് 7 വരെ വിചാരണ നിർത്തിവയ്ക്കാനാണ് സുപ്രീം കോടതി ഉത്തരവ്. കേസിന്റെ വിചാരണ ഛണ്ഡീഗഡിലേക്ക് മാറ്റണമെന്നും കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നുമുളള ഹർജികൾക്ക് പിന്നാലെയാണ് തീരുമാനം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ സ്റ്റേ ചെയ്തത്. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ പിതാവിന്റെ വേദനയും പ്രാർത്ഥനയും പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി പറഞ്ഞു.

ജമ്മു കശ്മീരിലെ കത്തുവ ഗ്രാമത്തിലെ വീട്ടിൽ നിന്ന് 8 വയസുകാരിയായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത് ജനുവരി 10നാണ്. ഒരാഴ്ചയ്ക്ക് ശേഷം പെൺകുട്ടിയുടെ മൃതശരീരം ഇതേ സ്ഥലത്ത് കണ്ടെത്തി.

വിചാരണ കൃത്യമായി നടക്കണമെന്നാണ് കോടതിയുടെ ആവശ്യം. അതുകൊണ്ട് എത്ര ചെറിയ സാധ്യതയാണെങ്കിലും അത് പരിഗണിച്ച് വിചാരണ ജമ്മുവിൽ നിന്ന് മാറ്റുമെന്നും കോടതി നിലപാട് വ്യക്തമാക്കി.

പെൺകുട്ടിയുടെ പിതാവാണ് തനിക്കും കുടുംബത്തിനും തങ്ങളുടെ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ ജമ്മുവിൽ നിന്ന് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതേസമയം, കേസിലെ പ്രതികളാണ് വിചാരണ ജമ്മുവിൽ തന്നെ നടത്തണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് എട്ട് പേർക്കെതിരായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികളിലൊരാൾ പ്രായപൂർത്തിയായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ