ന്യൂഡൽഹി: ചർമത്തിൽ സ്പർശിക്കാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് ബോംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധി അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം, 39 കാരനായ ബന്ദു റാഗ്ഡെയെ ശിക്ഷിച്ച സെഷൻസ് കോടതിയുടെ തീരുമാനം ജനുവരി 19 ന് ബോംബൈ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ച് റദ്ദാക്കിയിരുന്നു. പന്ത്രണ്ടുകാരിയെ പേരക്ക നൽകാമെന്ന വ്യാജേന പ്രതി വീട്ടിലേക്ക് കൊണ്ടു പോകുകയും പെൺകുട്ടിയുടെ മാറിടത്തിൽ അമർത്തി വസ്ത്രങ്ങൾ നീക്കംചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഈ കേസ് പരിഗണിക്കവെയാണ് ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഞെട്ടിക്കുന്ന പരാമർശം നടത്തിയത്.

Read More: വസ്ത്രം മാറ്റാതെ ശരീരത്തിൽ തൊടുന്നത് പോക്‌സോ പ്രകാരം ലൈംഗികാതിക്രമമല്ല: ബോംബെ ഹൈക്കോടതി

വിധിയെച്ചൊല്ലിയുള്ള കോലാഹലത്തെത്തുടർന്ന് കേന്ദ്രസർക്കാർ എജി വേണുഗോപാൽ വഴി സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെക്ഷന്‍ 8 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു ബോംബൈ ഹൈക്കോടതിയുടെ നിരീക്ഷണം.

“ശാരീരിക സമ്പർക്കം ഇല്ലെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ ഉത്തരവ് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് എജി പറയുന്നു. ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ ഞങ്ങൾ എജി വേണുഗോപാലിനെ അനുവദിക്കുന്നു,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

തുടർന്ന് പോക്സോ നിയമപ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിക്കും മഹാരാഷ്ട്ര സർക്കാരിനും കോടതി നോട്ടീസ് നൽകി.

നേരത്തെ കേസ് പരിഗണിച്ച ബോബൈ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി ചർമ്മത്തിൽ സ്പർശിക്കണമായിരുന്നു. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കേസിൽ കോടതിയുടെ വിധിന്യായം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി.

പോക്സോയ്ക്ക് കീഴിലുള്ള ലൈംഗികാതിക്രമം അഞ്ച് വർഷം വരെ കഠിന ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണെന്നും എന്നാൽ പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകളും ഗുരുതരമായ ആരോപണങ്ങളും ആവശ്യമാണെന്നും കോടതി പറഞ്ഞിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook