ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ ട്വീറ്റ് പങ്കുവച്ചെന്ന ആരോപണത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ശശി തരൂർ എംപി അടക്കമുള്ള ഏഴ് പേരുടെ അറസ്റ്റിന് സ്റ്റേ. കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ, മുതിർന്ന മാധ്യമപ്രവർത്തകൻ രജ്‌ദീപ് സർദേശായി എന്നിവരടക്കമുള്ള ഏഴ് പേരുടെ അറസ്റ്റാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. റിപ്പബ്ലിക് ദിനത്തിലെ കർഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് ശശി തരൂർ അടക്കമുള്ള പ്രമുഖരുടെ ട്വീറ്റ്.
കേസിൽ രണ്ടാഴ്ചയ്ക്കു ശേഷം വാദം കേൾക്കാമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേട്ടത്. കേന്ദ്ര സർക്കാരിനോട് കോടതി വിശദീകരണം തേടി. രണ്ടാഴ്‌ചയ്‌ക്കു ശേഷം കേസ് വാദം കേൾക്കുന്നതുവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യൻ എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.
Read Also: ഗുലാ നബി ആസാദിന് യാത്രയയപ്പ്, വികാരാധീനനായി മോദി, കണ്ണുകൾ നിറഞ്ഞു-വീഡിയോ
പ്രതികൾക്കു സാവകാശം നൽകരുതെന്നും കേസിൽ നാളെ വാദം കേൾക്കണമെന്നും ഡൽഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ കോടതി കേസ് പരിഗണിക്കുന്നതുവരെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്‌ചയാണ് ശശി തരൂർ സുപ്രീം കോടതിയെ സമീപിച്ചത്. ട്രാക്ടർ റാലിക്കിടെ പ്രതിഷേധക്കാരിൽ ഒരാൾ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ശശി തരൂർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. തെറ്റിദ്ധാരണാജനകമായ കാര്യമാണ് ശശി തരൂർ അടക്കമുള്ളവർ ട്വീറ്റ് ചെയ്‌തതെന്നാണ് ആരോപണം.